Asianet News MalayalamAsianet News Malayalam

പരാതി നൽകാനെത്തിയ യുവാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനം, വീയപുരം എസ്ഐക്കെതിരെ ഡിവൈഎസ്‍പിക്ക് പരാതി

പരാതി കൈപ്പറ്റിയ രസീത് ചോദിച്ചപ്പോൾ കഴുത്തിൽ ഞെക്കിപ്പിടിച്ചെന്നും ഷർട്ടിന്റെ കോളറിൽ പിടിച്ച് ഞെരുക്കിയെന്നും അജിത് പി.വർഗീസ്

Youth beaten up in Police station, Complaint against Veeyapuram SI
Author
Alappuzha, First Published Jul 27, 2022, 2:29 PM IST

ആലപ്പുഴ: ആലപ്പുഴ വീയപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവിനെ മർദ്ദിച്ചതായി പരാതി. വീയപുരം സ്വദേശി അജിത് പി.വർഗീസിനാണ് മർദ്ദനമേറ്റത്. വീയപുരം എസ്ഐ സാമുവൽ മർദ്ദിച്ചെന്നാണ് പരാതി. അയൽവാസിക്കെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അജിത് ആരോപിച്ചു. ബന്ധുവിനെ അയൽവാസി മർദ്ദിച്ചതിനെതിരെ പരാതി നൽകാനാണ് അജിത് പി.വർഗീസ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ കൈപ്പറ്റ് രസീത് ചോദിച്ചപ്പോള്‍ കഴുത്തിൽ ഞെക്കിപ്പിടിച്ചെന്നും ഷർട്ടിന്റെ കോളറിൽ പിടിച്ച് ഞെരുക്കിയെന്നും അജിത് ആരോപിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിക്കവേ മറ്റ് പൊലീസുകാർ പിടിച്ച് മാറ്റുകയായിരുന്നു. സംഭവത്തിൽ അജിത് പി.വർഗീസ് ഡിവൈഎസ്‍പിക്ക് പരാതി നല്‍കി. അതേസമയം മര്‍ദ്ദിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പൊലീസ് വ്യക്തമാക്കി. 

എസ്ഐക്കെതിരെ പരാതി കിട്ടിയതായി ഡിവൈഎസ്‍പി സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മ‍ർദ്ദനമേറ്റ അജിത് പി.വർഗീസ് ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം വടകയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് യുവാവ് സ്റ്റേഷന് മുന്നിൽ കുഴ‌ഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാരേയും സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. 28 പേരെയാണ് സ്ഥലം മാറ്റിയത്. രണ്ട് പൊലീസുകാരെ സസ്പെൻഡും ചെയ്തിരുന്നു. കസ്റ്റഡിയിൽ മർദ്ദനമുണ്ടായി എന്ന പരാതിയിൽ അന്വേഷണം ക്രൈംബ്രാ‍ഞ്ചിന് വിട്ടിട്ടുണ്ട്. സജീവന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ടിന് കാക്കുകയാണ് അന്വേഷണ സംഘം. ഇതിനിടയിലാണ് വീണ്ടും പൊലീസിനെതിരെ മർദ്ദന പരാതി ഉയർന്നിരിക്കുന്നത്.

വടകര കസ്റ്റഡി മരണം: സജീവന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം

Follow Us:
Download App:
  • android
  • ios