വയനാട് : വയനാട് അമ്പലവയല്‍ ടൗണിനടുത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അമ്പലവയല്‍ ആറാട്ടുപാറ പള്ളിയാലില്‍ ശശി (65) ആണ് മരിച്ചത്. ശശി സഞ്ചരിച്ച സ്‌കൂട്ടര്‍ തൊട്ട് മുമ്പില്‍ പോകുകയായിരുന്ന കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ശശിയുടെ മേല്‍ പിറകിലെത്തിയ കാറിടിച്ചു. നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. 

മറ്റൊരപകടത്തില്‍ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ലക്കിടിയില്‍വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ബി.ടി.ടി.എം വിദ്യാര്‍ഥി കാസര്‍ഗോഡ് കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയില്‍ മുഹമ്മദ് സഫ് വാന്‍ (21) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത വേങ്ങര ചേറൂര്‍ കിളിനിക്കോട് ചെങ്കടവലത്ത് മുഹമ്മദ് നൂറുദ്ദീനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.