ആലപ്പുഴ: ഓണാട്ടുകരയ്ക്ക് ഇനി ഉത്സവനാളുകള്‍. ആലപ്പുഴയില്‍ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര എന്ന ദേശം ചരിത്രത്തില്‍ ഇടം നേടുന്നത് ഇവിടത്തെ പ്രസിദ്ധമായ ദേവിക്ഷേത്രത്തിന്റെയും ഭരണിയുത്സവത്തിന്റെയും പേരിലാണ്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഇത്തവണത്തെ കുംഭ ഭരണി മഹോത്സവം 22 നാണ്. 

കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഉത്സവത്തിലെ പ്രധാനയിനങ്ങള്‍. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ആണ്‍കുട്ടികള്‍ ആചരിക്കുന്ന നേര്‍ച്ചയാണ് കുത്തിയോട്ട പ്രദക്ഷിണം. മരത്തില്‍ നിര്‍മ്മിച്ച 100 അടിയോളം ഉയരമുള്ള കുതിരകളെ പങ്കെടുപ്പിക്കുന്നതാണ് കെട്ടുകാഴ്ച. കരകളിലെ പുരുഷാരത്തിന്റെ കൈ മറന്നുള്ള അദ്ധ്വാനത്തിന്റെ ഫലമാണ് ഓരോ കെട്ടുകാഴ്ചയും. 

ഉത്സവകാലത്തെ ഭരണിചന്ത പണ്ടുമുതല്‍ക്കേ ഇന്നാടിന്റെ സമൃദ്ധി വിളിച്ചറിയിച്ചു പോരുന്നു. .ലോകത്തിലെ ഏറ്റവും ചെലവേറിയതും ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ടവഴിപാടാണ് കുത്തിയോട്ടം. ഇത്തവണ 12 കുത്തിയോട്ടങ്ങളാണ് ഉള്ളത്. ഇത്തവണ എറണാകുളം ജില്ലയിലെ കോതമംഗലത്തുനിന്നും കുത്തിയോട്ടം ഉണ്ട. 

ശിവരാത്രി നാള്‍ മുതല്‍ കരകളില്‍ കുതിരമൂട്ടില്‍ കഞ്ഞി വഴിപാടും ആരംഭിച്ചു. ഭക്തജനങ്ങള്‍ നടത്തുന്ന ഒരു നേര്‍ച്ചയാണ് കുതിരമൂട്ടില്‍ കഞ്ഞി. പരമ്പരാഗതമായ രീതിയില്‍ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടില്‍ വന്നപ്പോള്‍ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നില്‍ കാണാം. ഇലയും,തടയും, പ്ലാവിലയും മറ്റുമാണ് ഇപ്പോഴുംഇതിനുപയോഗിക്കുന്നത്. 

മുതിരപ്പുഴുക്കും, അസ്ത്രവും, കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാര്‍ഷിക സമൃദ്ധിയുടെ പഴയ ഓര്‍മ്മകള്‍ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം. അതു പോലെ വേറെയോന്നാണ് കൊഞ്ചും മാങ്ങ കറി എന്നത്. 

ഒരു ഭരണി നാളില്‍ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോള്‍, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക് അതിയായ ആഗ്രഹമുണ്ടായി. എന്നാല്‍ അടുപ്പില്‍ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാന്‍ വിട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവില്‍ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച് കേണപേക്ഷിച്ച് വിട്ടമ്മ കുത്തിയോട്ടം കാണാന്‍ പോയി . മടങ്ങി എത്തിയപ്പോള്‍ കറി തയ്യാറായിരുന്നു . ഈ കാര്യം പ്രദേശമാകെ പരന്നു . കാലാന്തരത്തില്‍ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാര്‍ക്ക് ഒഴിച്ചു കൂടാനാവാത്തതായി.