തിരുവനന്തപുരം: എസ്എ ടി ആശുപത്രിയിൽ നിന്നും 5 മാസം മാത്രം പ്രായമുള്ള വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞുമായി ആംബുലൻസ് കൊച്ചി ലിസി ആശുത്രിയിലേക്ക് കുതിച്ചെത്തിയത് 3 മണിക്കൂർ കൊണ്ട്. കൊല്ലം ലൈഫ് സേവ് ആംബുലൻസ് സർവീസിലെ ഡ്രൈവർ വിജയകുമാറും എമർജൻസി മെഡിക്കൽ ടെക്ക്നീഷ്യൻ മിഥുൻ എസ്സും കുഞ്ഞു ജീവൻ കൈയിൽ പിടിച്ചു 208 കിലോമീറ്റർ പാഞ്ഞത്തിയത് 3 മണിക്കൂറിലാണ്. രാവിലെ എട്ടരയോടെയാണ് കൊച്ചി ലിസ്സി ആശുപത്രിയിൽ നിന്നും കുഞ്ഞിന്റെ വിവരങ്ങൾ ചൈൽഡ് പ്രൊട്ടക്ട് ടീമിനു (സി.പി.ടി) കൈമാറുന്നത്. തുടർന്ന് കൊല്ലം ലൈഫ്സേവ് ആംബുലൻസുമായി സി.പി.ടി അംഗങ്ങൾ ബന്ധപ്പെടുകയും ഡോക്ടറുടെ ബന്ധപ്പെടാൻ അറിയിക്കുകയും ചെയ്തു. 

കുഞ്ഞിന്റെ ആരോഗ്യ നില മോശമാണെന്നും തീവ്ര പരിചരണം വേണമെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കൊല്ലത്ത് നിന്നും എസ്.എ. ടി ആശുപത്രിയിൽ ആംബുലന്‍സ് എത്തി.12.15 ഓടെ തിരുവനന്തപുരത്ത് നിന്നും ആംബുലൻസിന് പൂര്‍ണ പിന്തുണയുമായി സി.പി.ടി ടി.വി.എം ടൂ കൊച്ചി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് സജീവമായുണ്ടായിരുന്നു. ആംബുൻസിൽ ഉണ്ടായിരുന്നവരുടെ മൊബൈലിൽ നിന്നും വാഹനത്തിന്റെ ലൈവ് ലൊക്കേഷൻ ഗ്രൂപ്പിൽ വന്നുകൊണ്ടിരുന്നത് വാഹനത്തിന് വഴിയൊരുക്കാന്‍ ഏറെ സഹായകരമായി. 

ഓരോ സ്ഥലത്തെയും പ്രവർത്തകർ റോഡിലെ കുരുക്കുകൾ ഒഴിവാക്കി കൊടുത്തു. ഹൃദയ സംബന്ധമായി ഗുരുതരാവസ്ഥയിലായ തമിഴ്നാട് സ്വദേശി ദർശൻ എന്ന അഞ്ചു മാസം പ്രായമുള്ള കുട്ടിയുമായാണ് ആംബുലസൻ കൊച്ചിയിലേക്ക് പാഞ്ഞത്. പരമാവധി വേഗത്തിൽ കൊച്ചിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നു ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു.

പോലീസ് അകമ്പടിയോടെയാണ് ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. ശക്തമായ മഴയും തുടർന്നുള്ള ഗതാഗത കുരുക്കും ചെറിയ രീതിയിൽ യാത്രയെ ബാധിച്ചെങ്കിലും കുഞ്ഞു ജീവൻ പിടിച്ചുനിറുത്തുന്ന ഓട്ടത്തിൽ അതൊന്നും വലിയ തടസമായില്ല. കൃത്യം 3.15നു ആംബുലൻസ് കൊച്ചി ലിസി ആശുപത്രിയിൽ എത്തി. കുഞ്ഞിനെ ഉടൻ തന്നെ ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി. ആംബുലൻസിൽ വെച്ച് ഇടയ്ക്ക് കുഞ്ഞിന്റെ അവസ്ഥ മോശമായെങ്കിലും മിഥുൻ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തു. സഹായിക്കാൻ താല്പര്യമുള്ളവർ ആംബുലൻസ് കടന്നു പോകാൻ വഴിയൊരുക്കി മാത്രം സഹായിക്കണമെന്നും പോലീസും ചൈൽഡ് പ്രൊട്ടക്ട് ടീമും അറിയിച്ചിരുന്നു. ഇത് പിന്തുടർന്ന് നിരവധി സംഘടനകൾ രംഗത്ത് എത്തിയിരുന്നു