തൃശൂര്‍: കുഞ്ഞുപ്രായത്തില്‍ അസ്‌നാനെ പിടിമുറുക്കിയ കാന്‍സര്‍ എന്ന മഹാവ്യാധിയെ തുരത്താന്‍ നാട് മുഴവന്‍ വീണ്ടും കൈകോര്‍ക്കുകയാണ്. വരദാനങ്ങളുടെ നാടെന്ന ഖ്യാതി നേടിയ ഇരിങ്ങാലക്കുടക്കാരാണ് ഈ പി‌‌ഞ്ചുകുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്നോണം രക്ത കോശ മൂല ദാനം വീണ്ടും നടത്തുന്നത്. ആയിരക്കണക്കിനാളുകള്‍ ഒന്നിച്ചുകൂടി ജന്മഗ്രാമമായ പടിയൂരില്‍ ഒരിക്കല്‍ ഒരു ശ്രമം നടത്തിയെങ്കിലും അസ്‌നാന്‍റെ ജനിതകസാമ്യമുള്ള രക്തമൂല കോശ ദാതാവിനെ കണ്ടെത്താനായിരുന്നില്ല.

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളജ്, തരണനെല്ലൂര്‍ ആര്‍ട്ട്‌സ് ആന്‍റ് സയന്‍സ് കോളജ്, ഇരിങ്ങാലക്കുട ജനമൈത്രി പൊലീസ്, വിവിധ റസിഡന്‍സ് അസോസിയേഷന്‍സ് അടക്കം നിരവധി സംഘടനകളുടെയും സഹകരണത്തോടെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ റെജിസ്ട്രിയുമായി ചേര്‍ന്നാണ് 'നമ്മുടെ ഇരിങ്ങാലക്കുട' എന്ന ഫേസ്ബുക്ക് കൂട്ടായ്മ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിച്ച് ജൂലായ് 26,27,29 തിയ്യതികളില്‍ നടക്കുന്ന രക്തകോശ മൂല ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നത്. 

പടിയൂര്‍ പഞ്ചായത്തിലെ ഊളക്കല്‍ അക്ബര്‍ മകനാണ് അസ്‌നാന്‍. നാടൊട്ടുക്കും ഒപ്പം നിന്ന് കൊണ്ട് പലവിധത്തിലുള്ള പരിശ്രമങ്ങളാണ് കുഞ്ഞ് അസ്‌നാന് വേണ്ടി സംഘടിപ്പിക്കുന്നതെങ്കിലും സങ്കടങ്ങളൊഴിയാതെ നിന്നുതേങ്ങുകയാണ് അക്ബറും കുടുംബവും. രാഷ്ട്രീയ-സാമൂഹിക പൊതുരംഗത്തെ എല്ലാവരുടെയും പിന്തുണയോടെയുള്ള ഈ ശ്രമത്തില്‍ ഒരു ദാതാവിനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരിങ്ങാലക്കുടക്കാര്‍. അതിലേക്കായ് മുഴുവന്‍ മനുഷ്യ സ്‌നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുകയാണിവര്‍. രക്ത കോശ നിര്‍ണയരീതിയെ കുറിച്ചുള്ള അവബോധമില്ലായ്മ പലരെയും ഇത്തരം ക്യാമ്പയിനുകളില്‍ നിന്ന് അകറ്റുന്നത് ആരോഗ്യ രംഗത്തുള്ളവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. 

തീര്‍ത്തും വേദനാരഹിതമായി നീണ്ട ഒരു ബഡ് ഉപയോഗിച്ച് വായ്ക്കകത്ത് നിന്നും ശേഖരിക്കുന്ന കോശങ്ങളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെല്ലാം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് സംഘാടകരും ആരോഗ്യപ്രവര്‍ത്തകരും അറിയിക്കുകയാണ്. പതിനായിരത്തില്‍ ഒന്നോ, ലക്ഷത്തില്‍ ഒന്നോ കോശം മാത്രമാണ് രോഗിയുടെ കോശവുമായി സാമ്യം ഉണ്ടാവാന്‍ സാദ്ധ്യത. രോഗിയുടെ കോശങ്ങളുമായി ഒത്തുചേര്‍ന്നാല്‍ ദാതാവിന്‍റെ പൂര്‍ണ്ണ സമ്മതത്തോടെ രക്തദാനം വഴി വളരെ ലളിതമായി മൂലകോശം ദാനം ചെയ്യാന്‍ കഴിയും.  കേവലം പത്ത് മിനുട്ട് മാത്രം നീണ്ട് നില്‍ക്കുന്ന പരിശോധനയിലൂടെ ദാതാവ് ആകാന്‍ കഴിയുമോ എന്ന് തിരിച്ചറിയാം. ഒരു നീണ്ട ബഡ് കൊണ്ട് നിങ്ങളുടെ കവിളിലെ സ്രവം തുടച്ച് എടുത്ത് എച്ച്എല്‍എ ടെസ്റ്റിലൂടെ കോശം തീര്‍ച്ചപ്പെടുത്തും. പിന്നീട് മൂല കോശം മാച്ച് ചെയ്യപ്പെടുന്ന ആള്‍ ദാനകര്‍മ്മത്തിന് സന്നദ്ധനാണെങ്കില്‍ മാത്രം സ്വീകര്‍ത്താവിന് കൈമാറാന്‍ ദാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ റെജിസ്ട്രി ഇതിനുള്ള നടപടികള്‍ ആരംഭിക്കൂ.

ജൂലായ് 26 ന് സെന്‍റ്  ജോസഫ്‌സ് കോളജിലെ ഹിന്ദി വിഭാഗവുമായി ഒത്ത് ചേര്‍ന്ന് ഉച്ചക്ക് 2.30  മുതല്‍ 4.30 വരെ സെന്‍റ് ജോസഫ്‌സ് കോളജിലും, ജൂലായ് 27 ന് ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളജ് എന്നിവരുമായി സഹകരിച്ച് ഉച്ചക്ക് 1.30  മുതല്‍ 4.30 മണി വരെ ക്രൈസ്റ്റ് കോളജിലും അന്ന് തന്നെ ഉച്ചക്ക് 1.30 മുതല്‍ നാല് മണി വരെ തരണനെല്ലൂര്‍ ആര്‍ട്ട്‌സ് ആന്‍റ്  സയന്‍സ് കോളജിലും ജൂലായ് 29 ന് ഇരിങ്ങാലക്കുട ജനമൈത്രി പൊലീസും വിവിധ റസിഡന്‍സ് അസോസിയേഷന്‍സും ക്ലബ്ബുകളുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്കായി ഉച്ചക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ കാട്ടുങ്ങച്ചിറ പിടിആര്‍ മഹല്‍ ഹാളിലും ക്യാമ്പുകള്‍ നടക്കും. കുഞ്ഞ് അസ്‌നാന്‍റെ മുഖത്തെ നിരപുഞ്ചിരി മായാതിരിക്കാന്‍, അവന്‍റെ മാതാപിതാക്കളുടെ മുഖത്ത് ചിരി വീണ്ടും തെളിയിക്കാന്‍ ഈ ദൗത്യത്തില്‍ സര്‍വരും പങ്കാളികളാവുമെന്ന്  പ്രതീക്ഷിക്കുന്നതായി 'നമ്മുടെ ഇരിങ്ങാലക്കുട' പ്രസിഡന്‍റ്  രാജീവ് മുല്ലപ്പിള്ളിയും സെക്രട്ടറി മിനി ജോസും പറഞ്ഞു.