വാതിലിൽ  ' വാർണിങ് ' എന്ന് ഇംഗ്ലീഷിൽ നീല പെയിന്‍റ്  ഉപയോഗിച്ച് എഴുതി വച്ചിട്ടുണ്ട്.

കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജിലെ യൂണിയൻ ഓഫീസ് വെള്ളിയാഴ്ച അജ്ഞാതർ അലങ്കോലമാക്കി. ഓഫീസിലെ സാധനങ്ങൾ വാരിവലിച്ചിട്ട് വാതിലിൽ ' വാർണിങ് ' എന്ന് ഇംഗ്ലീഷിൽ നീല പെയിന്‍റ് ഉപയോഗിച്ച് എഴുതി വച്ചിട്ടുണ്ട്. ക്യാംപസിലെ പല ചുമരെഴുത്തുകളും നീല പെയിന്‍റ് ഉപയോഗിച്ച് വരച്ചിട്ടുമുണ്ട്. 

സംഭവത്തിൽ പിന്നിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ടി. അതുൽ ആരോപിച്ചു. അഭിമന്യു കൊലപാതകത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ക്യാംപസിൽ വർഗീയതയ്ക്കെതിരേ ക്യാംപെയിൻ നടന്ന് വരികയാണെന്നും അതുല്‍ പരഞ്ഞു. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്യാംപസ് ഫ്രണ്ടിന് യൂണിറ്റ് ഇല്ലെങ്കിലും രണ്ട് മാസം മുമ്പ് കോളേജിന് മുന്നിൽ അജ്ഞാതർ കൊടി ഉയർത്തിയിരുന്നുവെന്നും അതുൽ പറഞ്ഞു. 

സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. കോളേജില്‍ നടന്ന സംഭവത്തില്‍ നിലവിലെ സാഹചര്യത്തില്‍ ക്യാംപസ് ഫ്രണ്ടാണോയെന്ന കാര്യം പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു. കോളേജില്‍ ക്യാംപസ് ഫ്രണ്ടിന് യൂനിറ്റില്ല. ക്യാംപസ് ഫ്രണ്ടാണെന്ന് എസ്എഫ്ഐയുടെ ആരോപണം പരിശോധിക്കും. കോളേജില്‍ സംഘടനയുമായി ബന്ധമുള്ളവരുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. കോളേജ് അധികൃതരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.