കളഞ്ഞുകിട്ടിയ വിലയേറിയ ഫോണ്‍ ഇയാള്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു
മുഹമ്മ: വൃദ്ധന്റെ സത്യസന്ധതയ്ക്ക് കുരുന്നുകളുടെ ആദരം. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ രണ്ടാം വാര്ഡില് കാവുങ്കല് മുല്ലശ്ശേരി കൃഷ്ണനെയാണ് കാവുങ്കല് പഞ്ചായത്ത് എല് പി സ്കൂളിലെ കുട്ടികള് ആദരിച്ചത്. കളഞ്ഞുകിട്ടിയ വിലയേറിയ ഫോണ് ഇയാള് തിരിച്ചേല്പ്പിക്കുകയായിരുന്നു.
സ്കൂളിലെ അധ്യാപിക ചേര്ത്തല താമരവെളി ജസ്ന ജമാലിന്റെ അമ്പതിനായിരം രൂപ വില വരുന്ന ഐ ഫോണാണ് ഇയാള്ക്ക് കളഞ്ഞു കിട്ടിയത്. കാവുങ്കല് അംബേദ്ക്കര് റോഡിന് സമീപത്തുവെച്ചാണ് ഫോണ് നഷ്ടപ്പെട്ടത്. റോഡിലൂടെ നടന്നു പോയ കൃഷ്ണന് ലഭിച്ച ഫോണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില് ഏല്പ്പിക്കുകയായിരുന്നു. ഫോണ് നഷ്ടപ്പെട്ടതിനെ തുടര്ന്ന് ഉടമ ഫോണില് വിളിച്ചപ്പോള് പൊലീസ് സ്റ്റേഷനില് ഉണ്ടെന്ന് എസ് ഐ അറിയിച്ചു. തുടര്ന്ന് സ്റ്റേഷനിലെത്തി കൈപ്പറ്റുകയായിരുന്നു. കൃഷ്ണന്റെ സത്യസന്ധയ്ക്ക് അംഗീകാരമായി സ്കൂള് അസംബ്ലിയില് വാര്ഡംഗം മിനി പ്രദീപ് ഉപഹാരം നല്കി ആദരിച്ചു.
