ആലപ്പുഴ: ചകിരി വില അനുദിനം വര്‍ദ്ധിക്കുന്നതിനാല്‍ കയര്‍പിരിമേഖല പ്രതിസന്ധിയിലേയ്ക്ക്. കഴിഞ്ഞ ദിവസം കയര്‍ഫെഡ് പൊള്ളാച്ചിയില്‍ നിന്ന് എത്തിച്ച ചകിരിക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി കയര്‍സംഘങ്ങള്‍ ഏറ്റെടുത്തില്ല. കഴിഞ്ഞ മൂന്ന് മാസം കൊണ്ടാണ് ചകിരിവിലയില്‍ 50 ശതമാനം വര്‍ദ്ധനവ് ഉണ്ടായത്. ഒരുകെട്ട് (30 കിലോ) ചകിരിയുടെ വില 600 രൂപയില്‍ നിന്ന് 900 രൂപയായി വര്‍ദ്ധിച്ചു. അതായത് കിലോയ്ക്ക് 30 രൂപ. ചകിരി വില നിയന്ത്രിക്കാനായി കിലോയ്ക്ക് 22 രൂപയ്ക്കാണ് കയര്‍ഫെഡ് ചകിരി എത്തിച്ചത്. പൊള്ളാച്ചിയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനായി സ്റ്റോക്ക് ചെയ്ത ചകിരിയാണിത്. എന്നാല്‍ ഗുണമേന്മയില്ലെന്ന് കാട്ടി ഒരു സംഘവും ചകിരിയെടുത്തില്ല. 150 കിലോ തൂക്കം വരുന്ന 70 കെട്ട് ചകിരിയാണ് പ്രദേശത്തെ കയര്‍ സംഘങ്ങള്‍ എടുക്കാതെ കിടക്കുന്നത്. 

പച്ചതൊണ്ടിനൊപ്പം ഉണക്ക തൊണ്ടും ചേര്‍ത്ത് ഡീ ഫൈബറിംഗ് നടത്തുന്നതിനാല്‍ ഗുണനിലവാരം കുറഞ്ഞ ചകിരിയാണിതെന്നാണ് സംഘങ്ങള്‍ പറയുന്നത്. മോശമായ ചകിരി ചൈന എടുക്കാതെ വന്നതോടെ പൊള്ളാച്ചിയിലെ സ്വകാര്യ മില്ലുടമകള്‍ കയര്‍ഫെഡിന് നല്‍കുകയായിരുന്നു. ഇതുപയോഗിച്ച് കയര്‍പിരിച്ചാല്‍ ഗുണനിലവാരം കുറഞ്ഞ കയറായിരിക്കും ലഭിക്കുക. ആറാട്ടുപുഴ കയര്‍പിരിക്കാന്‍ കഴിയില്ല. വൈക്കം കയര്‍ പിരിച്ചാലും ക്വാളിറ്റി ലഭിക്കില്ല. സാധാരണ 30 കിലോ ചകിരി പിരിച്ചാല്‍ 25.5 കിലോ കയര്‍ ലഭിക്കും. കയര്‍ഫെഡ് ഇപ്പോള്‍ നല്‍കുന്ന 150 കിലോ ചകിരി പിരിച്ചാല്‍ 50 ശതമാനം പോലും ലഭിക്കില്ല. ഇത് സംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.