വയനാട്: നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന കാപ്പി മോഷ്ടിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. പുളിയാര്‍മല മൂവട്ടിക്കുന്ന് പൊക്കത്തായി ജോണ്‍സണ്‍ (39), പുളിയാര്‍മല മൂവട്ടിക്കുന്ന് വീട്ടില്‍ വിജയന്‍ (49) എന്നിവരെയാണ് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കമ്പളക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.

അന്വേഷണം തുടങ്ങിയത് മുതല്‍ ഇരുവരും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇരുവരും കാപ്പി വിറ്റ കടകളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

മടക്കിമലയിലെ അമ്പത് ഏക്കറോളം വരുന്ന സ്ഥലത്തെ കാപ്പി കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ അറിയാതെ വിളവെടുത്തതായി കണ്ടെത്തിയത്. ഏകദേശം 13 ലക്ഷത്തിലധികം രൂപയുടെ കാപ്പി പറിച്ചതായി കണ്ടെത്തിയിരുന്നു. പ്രശ്‌നത്തില്‍ ആദ്യം മെല്ലെപോക്ക് നയം സ്വീകരിച്ച ആരോഗ്യവകുപ്പ് പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.