Asianet News MalayalamAsianet News Malayalam

ഉരുട്ടിക്കൊല കേസ്;  സിബിഐ കോടതി ഇന്ന് പരിഗണിക്കും

  • മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.
custody murder The CBI court today will consider the case
Author
First Published Jul 12, 2018, 7:34 AM IST

തിരുവനന്തപുരം: ഫോ‍ർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസ് തിരുവനന്തപുരം സിബിഐ കോടതി പരിഗണിക്കും. കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി കോടതി ഇന്ന് തീരുമാനിക്കും. ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വര്‍ഷത്തിന് ശേഷമാണ് വിധി പറയാനാൻ പോകുന്നത്. 

2005 സെപ്തംബര്‍ 27 ന് വൈകീട്ട് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ വച്ച് ഉദയ കുമാറിനെയും സുരേഷിനെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൈയില്‍ നിന്നും ലഭിച്ച 4000 രൂപയുടെ ഉറവിടത്തെ കുറിച്ചന്വേഷിച്ചപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ഇതേ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ ഉദയ കുമാര്‍ കൊല്ലപ്പെടുകയായിരുന്നു. 

ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ, സിഐ, ഫോർട്ട് അസിസ്റ്റ് കമ്മീഷണർ എന്നിവർ ചേർന്ന് ഗൂഢാലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും സിബിഐ കണ്ടെത്തി. 

അജിത് കുമാർ, ഇകെ സാബു, ഹരിദാസ് എന്നി ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികള്‍. വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസിലെ നാലാം പ്രതിയാക്കിയ ഫോർ‍ട്ട് സ്റ്റേഷനിലെ എഎസ്ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. എഎസ്ഐ ഉള്‍പ്പെടെ ഫോർ‍ട്ട് സ്റ്റേഷനിലുണ്ടായിരുന്ന ആറ് പൊലീസുകാർ മാപ്പു സാക്ഷികളായി മൊഴി നൽകി. 

47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. വാദി ഭാഗത്തിന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദങ്ങളെല്ലാം ഈ മാസം ആറിന് പൂർത്തിയിരുന്നു. ഇരുവിഭാഗത്തിനും അവാസനവട്ടം എന്തെങ്കിലും വാദമുന്നയിക്കാൻ ഇന്നും അവസരമുണ്ടാകും. 

ആദ്യം ക്രൈം ബ്രാ‌ഞ്ച് അന്വേഷിച്ച് മൂന്ന് പൊലീസുകാർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ സാക്ഷികള്‍ കൂട്ടത്തോടെ കൂറമാറിതിനെ തുടർന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. 

Follow Us:
Download App:
  • android
  • ios