കാസര്‍കോട്: ബിജെപി അംഗത്വമെടുത്ത അച്ഛന് സിപിഎമ്മിന്റെ വധഭീഷണിയെന്ന മകളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാസര്‍ഗോഡ് ജില്ലയിലെ കിനാലൂര്‍ കരിന്തളം പഞ്ചായത്തിലെ വടക്കേ പുലിയന്നൂരിലെ കയനി ചെക്കി കുന്നില്‍ വീട്ടില്‍ സി.കെ. സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനി (16) യുടെ വീഡിയോയാണ് ചര്‍ച്ചയാവുന്നത്.
സുകുമാരനെ കൊല്ലുമെന്ന് അശ്വനിയുടെ മുന്നില്‍വച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് അശ്വിനി പൊലീസിന്റെ സംരക്ഷണവും നാട്ടുകാരുടെ പിന്തുണയും തേടി അച്ഛനെ രക്ഷിക്കാന്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. കയനിയിലെ വീട്ടില്‍ നിന്ന് അശ്വിനിക്ക് രണ്ടര കിലോമീറ്റര്‍ ദൂരം നടന്ന് വേണം ബസ് സ്റ്റോപ്പിലെത്താന്‍. അവിടെനിന്നാണ് കുട്ടി പഠിക്കുന്ന ചായ്യോത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്നത്. ഇത് ഒഴിവാക്കാന്‍ സുകുമാരന്‍ മകളെ ബൈക്കിലാണ് സ്ഥിരമായി കരിന്തളത്തെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നതും.
Daughter disclosing threat by CPM to her father on accepting BJP membership from @Kummanam at Karinthaloor panchayath, Kannur, Kerala. Hights of communist anarchy in Kerala. pic.twitter.com/ksp3cesIm5
— Ambika JK (@JKAmbika) February 8, 2018
എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടെത്തിയ അശ്വനിയും സുകുമാരനും വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ബിജെപി വിട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
അച്ഛനെ കൊല്ലുമെന്ന ഭീഷണി നേരില്‍ കേട്ട അശ്വിനി അടുത്തദിവസം സ്‌കൂളിലെത്തി സഹപാഠികളോട് കാര്യം പറഞ്ഞു. ഈ വിവരം സാമൂഹ്യമാധ്യമത്തിലൂടെ പുറംലോകത്തെത്തിക്കാന്‍ കൂട്ടുകാര്‍ അശ്വിനിയോട് നിര്‍ദ്ദേശിച്ചു. ഇതിനായി അശ്വിനി കണ്ടെത്തിയതായിരുന്നു ഫെയ്‌സ്ബുക്ക് ലൈവ്.
നേരത്തെ സിപിഐ(എംഎല്‍) അനുഭാവിയായിരുന്ന സുകുമാരന് വര്‍ഷങ്ങളായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് ഒരാള്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കൈയില്‍ നിന്ന് ബിജെപി അംഗത്വം വാങ്ങിയതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ബിജെപിയില്‍ ചേര്‍ന്നതോടെ തന്നെ നാട്ടിലെ സിപിഎം പവര്‍ത്തകര്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുകുമാരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സുകുമാരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ അശ്വനി ചെയ്ത വീഡിയോയില്‍ പറഞ്ഞകാര്യങ്ങളില്‍ കഴമ്പില്ലെന്നും ഉത്തരവാദിത്വ സ്ഥാനങ്ങളിലിരിക്കുന്ന സിപിഎം പ്രവര്‍ത്തകരാരും ഇത്തരത്തില്‍ കുട്ടിയേയോ കുട്ടിയുടെ അച്ഛനെയോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കിനാലൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിധുബാല ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. അത്തരത്തില്‍ ഭീഷണിപ്പെടുത്തിയവര്‍ സിപിഎമ്മിന്റെ മെമ്പര്‍മാരോ, അനുഭാവികളോ അല്ലെന്നും വിധുബാല പറഞ്ഞു.
വീഡിയോ കണ്ടാല്‍ അറിയാം അത് കുട്ടിയെ നിര്‍ബന്ധിച്ച് പറയിച്ചതാണെന്നും കായികമോ മാനസീകമോ ആയി സുകുമാരനെതിരെ സിപിഎം ഒരുതരത്തിലും നീങ്ങിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുകുമാരന് കൃത്യമായ രാഷ്ട്രിയമില്ലെന്നും പലകാലത്തും അയാള്‍ പല രാഷ്ട്രിയ പാര്‍ട്ടികളുടെ വക്താവായിരുന്നെന്നും ഈ സമയത്തൊന്നും സിപിഎം ഇയാള്‍ക്കെതിരെ യാതൊന്നും ചെയ്തിട്ടില്ല. പിന്നെ പെട്ടെന്ന് ഒരു ദിവസം മകളെ ഉപയോഗിച്ച് ഇത്തരത്തില്‍ വീഡിയോ ചെയ്തത് രാഷ്ട്രീയ ലാഭത്തിനാണെന്നും സിപിഎമ്മിന് സുകുമാരന്‍ ഒരു രാഷ്ട്രീയ എതിരാളിയേ അല്ലെന്നും വിധുബാല പറഞ്ഞു.
