ആലപ്പുഴ: മിണ്ടാപ്രാണിയായ മുല്ലയ്ക്കൽ ബാലകൃഷ്ണന്റെ പരിവേദനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണ്ണുതുറപ്പിച്ചു. ഒന്നാം പാപ്പാൻ മധുവിനെ തിരികെ ബാലകൃഷ്ണന്റെ അടുത്തേക്ക് നിയമിക്കാൻ തീരുമാനമായി. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. എട്ടുകൊല്ലമായി ബാലകൃഷ്ണന്റെ ഒപ്പമുള്ള ഒന്നാം പാപ്പാൻ മധുവിനെ കഴിഞ്ഞ രണ്ടിനാണ് കരുനാഗപ്പള്ളി ആദിനാട് ക്ഷേത്രത്തിലേക്ക് അടിയന്തിരമായി സ്ഥലം മാറ്റി ഉത്തരവിട്ടത്.
പുതിയ ചുമതല ഏറ്റെടുത്തെങ്കിലും മധു അഞ്ചു ദിവസത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉത്തരവ് ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ലെന്നും ബാലൃഷ്ണന്റെ അടുത്തെത്താൻ ധൃതിയായെന്നും മധു പ്രതികരിച്ചു. മധു പോയതോടെ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം വളപ്പിൽ കഴിയുന്ന ബാലകൃഷ്ണന്റെ അവസ്ഥ മോശമായി. പുതിയതായി ചുമതലയേറ്റെടുത്തയാളെ ബാലകൃഷ്ണൻ അടുപ്പിച്ചില്ല. രണ്ടാം പാപ്പാൻ ശിവദാസപ്പണിക്കർ, മൂന്നാം പാപ്പാൻ കുട്ടൻ (ബെന്നി) എന്നിവരെ അനുസരിക്കാനും തയ്യാറായില്ല.
ചേർത്തല അനന്തൻകരിയിലെ ചതുപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നില്ല. തലയിലെ മുറിവും ഭേദമായിരുന്നില്ല. പിൻഭാഗത്ത് മയക്കുവെടിയേറ്റ രണ്ട് മുറിവുകളും കരിഞ്ഞിട്ടില്ല. പാദരോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍. ദേവസ്വം ബോർഡ് കൃത്യമായ ചികിത്സയൊന്നും നൽകിയിരുന്നുമില്ല.
മധു കൃത്യമായി ശുശ്രൂഷിക്കുകയും മരുന്നുവച്ച് കെട്ടുകയും ചെയ്തിരുന്നു. എന്നാൽ മധു പോയതോടെ ചികിത്സ മുടങ്ങിയിരുന്നു. മധു തിരിച്ചു വന്നില്ലെങ്കിൽ ആനയുടെ ജീവൻ പോലും നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് ഭക്തരും ആനപ്രേമികളും മാദ്ധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ ക്ഷേത്രഭരണ സമിതി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടർന്നാണ് മധുവിനെ തിരികെ നിയമിക്കാൻ തീരുമാനിച്ചത്.
