ഇടുക്കി: വെള്ളയാംകുടിയില്‍ നടന്ന കട്ടപ്പന സബ് ജില്ലാ ഇന്‍ക്ലൂസീവ് കലോത്സവത്തില്‍ വേറിട്ട കലാസൃഷ്ടികളുമായി അലന്‍. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളും നിര്‍മ്മിതികളും പ്രദര്‍ശിപ്പിക്കാന്‍ കലോല്‍സവത്തില്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു ഇരട്ടയാര്‍ സെന്റ് തോമസ് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അലന്റെ സൃഷ്ടികള്‍.

ഈര്‍ക്കിലും പേപ്പറും മറ്റ് പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് അലന്റെ കലാസൃഷ്ടികള്‍. പടിപ്പുരയോടു കൂടിയ ഇരുനില വീടാണ് ഇവയില്‍ ഏറ്റവും വലുത്. ഒരു വീടിനു വേണ്ട എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയതാണ് ഈ ഈര്‍ക്കില്‍ ശില്പം. ടൈല്‍ പതിച്ച മുറ്റത്ത് കിണര്‍, കാറ്റു കൊള്ളാന്‍ പ്രത്യേക ഇരിപ്പിടം ചുറ്റുമതില്‍ വൈദ്യുതി എല്ലാം ഈ വീടിനുണ്ട്. പഠനത്തിനിടയില്‍ മൂന്നു മാസമെടുത്തു ഈ വീട് പൂര്‍ത്തിയാക്കാന്‍.

വീടിനോട് ചേര്‍ന്ന് പൂര്‍ണ്ണമായും പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ജീപ്പുമുണ്ട്. വീടിന്റെ ഗ്രേറ്റിലും ജീപ്പിലും എഴുതിയിരിക്കുന്നത് സ്വന്തം വീട്ടുപേരു തന്നെയാണ്.

പൂര്‍ണ്ണമായും ഈര്‍ക്കിലില്‍ തീര്‍ത്ത ടാങ്കര്‍ ലോറിയും ബോട്ടും ഒപ്പം തലയെടുപ്പുള്ള പട്ടാള ട്രക്കും, ഓരോ മാസം വീതമെടുത്താണ് ഇവ ഓരോന്നും പൂര്‍ത്തിയാക്കിയത്. ഇവക്കൊപ്പം മറ്റ് നിരവധി ശില്പങ്ങളും അലന്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഇരട്ടയാര്‍ നത്തുകല്ല് ആനിക്കാ മുണ്ടയില്‍ ജോയി - ജോളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അലന്‍.

ജന്‍മനാ ബലക്ഷയമുണ്ടായിരുന്ന കാലുകളില്‍ പലതവണ ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പഠന സമയത്തിനു ശേഷമുള്ള ഇടവേളകളില്‍ മനസിനെ ക്രിയാത്മകമാക്കാന്‍ ജേഷ്ഠന്‍ ആന്റോ നല്‍കിയ പ്രേരണയാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ശില്പ നിര്‍മ്മിതിയിലേക്ക് എത്തിച്ചത്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വിമാനത്തിന്റെ മാതൃക നിര്‍മ്മിക്കാനുള്ള പണിപ്പുരയിലാണ് അലന്‍. പഠനത്തില്‍ ക്ലാസിലെ മുന്‍നിരയിലാണ് ഈ മിടുക്കന്‍.