ഇടുക്കി: വേനല്‍ രൂക്ഷമായതോടെ കാടിറങ്ങുകയാണ് വന്യജീവികള്‍. രാത്രിയോ പകലെന്നില്ലാതെ വന്യമൃഗങ്ങള്‍ വെള്ളവും ഭക്ഷണവും തേടി വന്യജീവികള്‍ എത്തിയതോടെ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികള്‍ ഭീതിയിലാണെങ്കിലും വിനോദ സഞ്ചാരികള്‍ക്ക് പുത്തനുണര്‍വ്വാണ് ഈ കാഴ്ചകള്‍. മാട്ടുപ്പെട്ടി എക്കോ പോയിന്റിലും ജലാശയത്തില്‍ ബോട്ടിങ് നടത്തുന്നവര്‍ക്കും വന്യജീവികളുടെ കുറുമ്പുകള്‍ വിരുന്നൊരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ജലാശയത്തില്‍ നീരാട്ടിനിറങ്ങിയ ഒറ്റക്കൊമ്പന്‍ മണിക്കൂറുകള്‍ നീണ്ട നീരാട്ടാണ് നടത്തിയത്. സഞ്ചാരികളെയും തൊഴിലാളികളെയും വകവയ്ക്കാതെയുള്ള വന്യജീവികളുടെ വരവ് മേഖലയ്ക്ക് ഒരു പോലെ ഭീതിയും ഉണര്‍വ്വും നല്‍കുന്നുണ്ട്.