നിപയെന്ന് സംശയം തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു

തൃശൂര്‍: പനി ബാധയെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബംഗാള്‍ സ്വദേശി മരിച്ചു. നിപ ആണെന്ന് സംശയത്തെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. സാമ്പിള്‍ എടുക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യമറിയിച്ച് ഡി.എം.ഒയ്ക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ കത്ത് നല്‍കി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കുന്നംകുളത്തുനിന്ന് ഹോട്ടല്‍ തൊഴിലാളിയായ ബംഗാളി സ്വദേശി സാഹിതിനെ പനി ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. പരിശോധനയില്‍ നിപ ലക്ഷണങ്ങളുടെ സൂചന ഉണ്ടായ സാഹചര്യത്തിലാണ് നിപയുടെ സ്ഥിരീകരണത്തിനായി മൃതദേഹ പരിശോധനയ്ക്ക് തീരുമാനിച്ചത്.

ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിലാണ് മരണകാരണത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. മെഡിക്കല്‍ കോളജില്‍ നിപ പരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റുമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗം നടപടികള്‍ അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.

വിവരം ചൂണ്ടിക്കാട്ടി, ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒയ്ക്ക് കത്ത് നല്‍കുകയായിരുന്നു. മണിപ്പൂരിലെ ലാബിലേക്കാണ് സാമ്പിളുകള്‍ അയക്കേണ്ടത്. മറ്റു എതിര്‍പ്പുകള്‍ ഒന്നും ഇല്ലെങ്കില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം വെള്ളിയാഴ്ച തന്നെ സംസ്‌ക്കരിച്ചേക്കും.