ഇടുക്കി: മനോരോഗിയായ മകനേയും ഭാര്യയേയും സംരക്ഷിക്കാന്‍ ആലയില്‍ ഇരമ്പ് ദണ്ഡുകളോട് മല്ലടിക്കുകയാണ് രാഘവ പണിക്കര്‍. കുലത്തൊഴിലാണ് ആയുധം പണിയെങ്കിലും പട്ടിണി മാറ്റാന്‍ എഴുപത്തിനാലുകാരന്‍ കഷ്ടപ്പെടണം. ഇടുക്കി ചേലച്ചുവട് വടക്കേടത്ത് രാഘവ പണിക്കരെന്ന വയോധികനാണ് മാനസികരോഗിയായ മകനേയും രോഗിയായ ഭാര്യയേയും സംരക്ഷിക്കാനായി വാര്‍ദ്ധക്യത്തിലും ആലയില്‍ ഇരുമ്പ് ദണ്ഡുകളെ തന്നാലാവും വിധം പ്രഹരിക്കുന്നത്. 

ആസ്മയുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇദ്ദേഹത്തെ വേട്ടയാടുന്നുണ്ടെങ്കിലും പട്ടിണിമാറ്റാന്‍ ആലയിലെത്തണം. നിത്യവൃത്തിയ്ക്കായി ഇദേഹത്തിന് മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ല. ഭാര്യ പാറുകുട്ടിയും നിത്യരോഗിയാണ്. ഇവരുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് മാനസിക രോഗത്താല്‍ കഷ്ടപെടുന്നത്. ഐടിഐ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജേഷ് കഴിഞ്ഞ 18 വര്‍ഷമായി മാനസീക രോഗിയാണ്. 

രാഘവ പണിക്കരുടെ മകനും ഭാര്യയും

സഞ്ചാരപ്രിയനായ രാജേഷ് ഒരിക്കല്‍ യാത്രയ്ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മലയടിവാരത്തിലുള്ള വീട്ടിലേയ്ക്ക് കയറി ഇറങ്ങാന്‍ സഞ്ചാരയോഗ്യമായ വഴിപോലും ഇല്ലാത്തതിനാല്‍ കഞ്ഞിക്കുഴിയ്ക്ക് സമീപം വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജേഷ് ശരീരം തളര്‍ന്ന് കിടപ്പിലാണ്. വല്ലപ്പോഴും അമ്മ പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ മാത്രമാണ് ഒന്ന് ഇരിക്കുക. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പെന്‍ഷന്‍ ഉള്‍പ്പടെ സര്‍ക്കാര്‍ സഹായങ്ങളൊന്നും ഈ കുടുംബത്തിന് ലഭിയ്ക്കുന്നില്ല. കളക്ടര്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.