പ്രകൃതി സ്നേഹികളുടെ രക്ഷാപ്രവര്‍ത്തനം;  പിള്ളപ്പാറയിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി

First Published 14, Mar 2018, 9:23 PM IST
fire in forest
Highlights
  • അതിരപ്പിള്ളി റേഞ്ചില്‍ മുപ്പതും ചാലക്കുടി ഡിവിഷനില്‍ അഞ്ചും ഹെക്ടര്‍ വനമാണ് കത്തി നശിച്ചത്

തൃശൂര്‍: തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ മൂന്ന് ദിവസമായി ഭീതിപരത്തിയ ചാലക്കുടി വനമേഖലയിലെ പിള്ളപ്പാറയിലെയും അതിരപ്പിള്ളി വടാമുറിയിലെയും കാട്ടുതീ നിയന്ത്രണവിധേയമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ എണ്‍പതംഗ സംഘമാണ് കാട്ടു തീ നിയന്ത്രണവിധേയമാക്കിയത്. 

കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിലെ തീ പൂര്‍ണമായി കെടുത്താനായി. ഇവിടെ 30 ഹെക്ടര്‍ അടിക്കാട് കത്തി നശിച്ചു. ഇതിനു പിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി വനംവകുപ്പ് സംശയിക്കുന്നുണ്ട്. താല്‍ക്കാലികമായി ഫയര്‍ലൈന്‍ കാന നിര്‍മ്മിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

അതിരപ്പിള്ളി റേഞ്ചില്‍ മുപ്പതും ചാലക്കുടി ഡിവിഷനില്‍ അഞ്ചും ഹെക്ടര്‍ വനമാണ് കത്തി നശിച്ചത്. വാഴച്ചാലില്‍ പുഴയ്ക്ക് അക്കരെ വടപ്പാറ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വന്‍ തീപിടിത്തമുണ്ടായിരുന്നു. മുളങ്കൂട്ടങ്ങളില്‍ അവശേഷിക്കുന്ന കനല്‍ വീണ്ടും തീപിടിത്തത്തിന് വഴിയൊരുക്കിയേക്കാം. വേനല്‍ച്ചൂട് നീളുന്നതോടെ വനമേഖലയില്‍ പലയിടങ്ങളിലും കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്. പരിയാരം റേഞ്ച് ഓഫീസര്‍ പി.അശോക് രാജിന്റെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം പ്രകൃതി സ്നേഹികളുടെ സാഹസികമായ പ്രവര്‍ത്തനം പിള്ളപ്പാറയിലെ കാട്ടുതീ നിയന്ത്രിക്കുന്നതിന് നിര്‍ണായക ഘടകമായെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാല് സംഘടനകളിലെ നാല്‍പതോളം പ്രവര്‍ത്തകരാണ് വനപാലകരോടൊപ്പം രാപ്പകല്‍ ഭേദമന്യേ അഹോരാത്രം പ്രയത്നിച്ചത്. ഗ്രീന്‍ ക്യാപ്, ഗ്രീന്‍ ആര്‍മി, കൂട് നന്മ മരം കൂട്ടായ്മ, ബി.കെ.വി. ക്ലബ്ബ് എന്നിവയിലെ പ്രവര്‍ത്തകര്‍, ലൈറ്റ് മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രാഫിയിലെ വിദ്യാര്‍ത്ഥികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് വനപാലകര്‍ക്ക് ഏറെ ആശ്വാസവുമായി. 

തിങ്കളാഴ്ച ഉച്ചയോടെ കാട്ടുതീയുടെ വിവരം ബി.കെ.വി ക്ലബ്ബിന്റെ ഫെയ്സ് ബുക്കില്‍ നിന്നു മറ്റുള്ളവരുടെ ചെവികളിലെത്തി. ഉടനേ പ്രവര്‍ത്തകരെല്ലാം അതിരപ്പിള്ളി ലക്ഷ്യമാക്കി വണ്ടികയറി. കണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള പ്രവര്‍ത്തകര്‍ കണ്ണടച്ചുതുറക്കും മുമ്പ് അതിരപ്പിള്ളിയുടെ മടിത്തട്ടിലെ പിള്ളപ്പാറ വനമേഖല രക്ഷിക്കാനെത്തുകയായിരുന്നു. മലകയറ്റത്തില്‍ പരിശീലനം നേടിയ യുവാക്കളുടെ വരവ് സര്‍വ്വ സന്നാഹങ്ങളുമായായിരുന്നു.


വനപാലകര്‍ക്ക് നിര്‍ദ്ദേശം കൊടുക്കേണ്ട ചുമതല മാത്രമെ ഉണ്ടായിരുന്നുള്ളു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവര്‍ കൃത്യമായി നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരാത്മ സംതൃപ്തി നല്‍കുന്നുണ്ടെന്ന് ബി.കെ.വി ക്ലബ്ബിന്റെ ലീഡര്‍ അതിരപ്പിള്ളിയിലെ ബൈജു വാസുദേവ് പറഞ്ഞു. ഫെയ്സ് ബുക്കിലൂടെ മറ്റു പ്രകൃതി സംഘടനകള്‍ പെട്ടെന്ന് പ്രതികരിച്ചെന്നും എന്നാല്‍ ഇതില്‍പ്പെടാത്ത യുവാക്കളാരും അന്വേഷണത്തില്‍ മുതിരാതിരുന്നതില്‍ ദുഖമുണ്ടെന്നും ബൈജു വാസുദേവ് പറഞ്ഞു.

പിള്ളപ്പാറയിലെത്തിയ പ്രകൃതി സ്നേഹികള്‍ നൂറുശതമാനവും ആത്മാര്‍ത്ഥത കാട്ടിയെന്നും ഭാവിയില്‍ ഇവരെക്കൂടി സംയോജിപ്പിച്ചുള്ള വനസംരക്ഷണ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും പരിയാരം റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു. ഇവരോടൊപ്പം നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിനെത്തി. വ്യത്യസ്ഥമായ നാല് മലകളില്‍, എത്തിപ്പെടാന്‍ ഏറ്റവും ദുര്‍ഘടമായ ഭാഗത്തായി ഒന്നിന് പിറകെ ഒന്നായി തീപടരുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് സഹായിയായി പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകനായ  ജമാല്‍ പനമ്പാട് പറഞ്ഞു. തീയണയ്ക്കാന്‍ കഴിഞ്ഞില്ലായിരുന്നില്ലെങ്കില്‍ ഊരുകളിലെ നിരവധി വീടും കുടുംബങ്ങളും വന്‍ ദുരന്തത്തിനിരയാവുമായിരുന്നു.

കാലത്ത് ആറ് മുതല്‍ വൈകീട്ട് അഞ്ച് വരെ മലകയറിയിറങ്ങി തളര്‍ന്ന് തീയെല്ലാം അടങ്ങി എന്ന് കരുതി രാത്രി കുളിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയപ്പോഴാണ്  രാത്രി എട്ട് മണിയോടെ കേണല്‍കുന്നിന് മുകളില്‍ തീ ആളിപടരുന്നത് കാണുന്നതെന്ന് മലപ്പുറം സ്വദേശികളായ 19 കാരന്‍ മിദിലാജും 20 കാരന്‍ ഫാസിലും പറഞ്ഞു. തീ കെടുത്താന്‍ വീണ്ടും വനവകുപ്പുദ്യോഗസ്ഥരോടൊപ്പം കാട് കയറാനും, നേരം പുലരുവോളം ഇവരും ഒപ്പം നിന്നു. ഇവര്‍ക്കെല്ലാം ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഒരുക്കി റിസോട്ട് ഉടമകളും യത്‌നത്തിന് പങ്കാളികളായി.

പൊള്ളിയ കാലുകളും ഉരുകിയൊലിച്ച യൂണിഫോമുമായി ഫോറസ്റ്റര്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഫോറസ്റ്റര്‍മാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണവിടെ കാഴ്ചവച്ചതെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി. തുടര്‍ച്ചയായ നാല് ദിവസം കാടിറങ്ങിയിട്ടില്ലാത്തതിനാല്‍ അലക്കും കുളിയും ഷേവിങ്ങും ചെയ്യാത്ത കുറ്റിത്താടി മുളച്ചിരിക്കുന്നു ഇവരില്‍. മുഖത്തും കൈകളിലും മുള്ളുരഞ്ഞ് തോലുപൊട്ടി ചോരകിനിയുന്ന വാച്ചര്‍മാരും മാതൃകാപരമായ സേവനമാണ് കാഴ്ചവച്ചതെന്ന് സംഘാംഗങ്ങളും പറയുന്നു. എല്ലാ സഹായങ്ങലുമൊരുക്കി നാട്ടുകാരും ഭക്ഷണവും വെള്ളവും നല്‍കി ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളും ഒപ്പം നിന്നത് തണലായി.

loader