നെല്‍ കൃഷിയുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
കോഴിക്കോട്: ജോലിത്തിരക്കിനിടയിലും നെല് കൃഷിയില് നൂറ് മേനി കൊയ്തെടുത്ത് സര്ക്കാര് ഉദ്യോഗസ്ഥര്. റവന്യു ഉദ്യോഗസ്ഥനായ ശബരിഷും അധ്യാപകനായ ഷാജിയും കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ മോഹനനും എക്സൈസ് ഉദ്യോഗസ്ഥനായ ഹരീഷും കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനെജര് മുഹമ്മദ് ബാബുവുമാണ് അപൂര്വ കൂട്ടായ്മയുടെ പാടത്ത് പൊന്നുവിളയിച്ചത്. ഇവരുടെ പരിശ്രമ ഫലമായി ഇത്തവണ വിളഞ്ഞത് അറന്നൂറ് കിലോഗ്രാം നെല്ലാണ്.
കുന്ദമംഗലം കുരിക്കത്തൂരിനടുത്ത് അന്പത്സെന്റ് വയല് വാങ്ങിയാണ് ഇവര് നെല്കൃഷി ആരംഭിച്ചത്. ഔഷധ വീര്യം കൂടിയ മുണ്ടകന് ഇനം നെല്ലാണ് ഇവിടെ കൃഷി ചെയുന്നത്. ട്രാക്റ്റര് ഉപയോഗിച്ച് നിലം ഉഴുത ശേഷം ചാണകം, വെണ്ണിര്, കുമ്മായം എന്നിവ വളമായി ഉപയോഗിച്ചു. പുഴവെള്ളം കയറുന്നതിനാല് വര്ഷത്തില് ഒരു തവണ മാത്രമാണ് വയലില് നെല് കൃഷി ഇറക്കാന് കഴിയുന്നത്. പുല്ല് ഇടയ്ക്ക് അരിഞ്ഞ് കൊടുത്തില്ലെങ്കില് നെല്കതിര് വിണുപോകും അതിനാല് പതിനഞ്ചായിരം രൂപയുടെ പുല്ലും ഇവിടെ നിന്ന് വില്ക്കാനായി കഴിഞ്ഞു. ഞായറാഴ്ച ദിവസം പുലര്ച്ചെ മുതല് വൈകും വരെയും ബാക്കി ദിവസങ്ങയളില് പുലര്ച്ചെ അഞ്ച് മുതല് എട്ട് വരെയുമാണ് ഇവര് കൃഷിക്കായി സമയം ചെലവാക്കിരുന്നത്.
നെല് കൃഷി കുടാതെ വെണ്ട, പയര്, ചീര, മമ്പയര്, കൈപ്പ, വെള്ളരി, മത്തന് തുടങ്ങിയവയാണ് വയലിലെ മറ്റ് കൃഷികള്. ചെറുപ്പം മുതലേ കൃഷിയോട് താത്പര്യമുള്ള ഇവര് വീട്ടാവശ്യത്തിനുള്ള പച്ചക്കറികള് വീടിനോട് ചേര്ന്നും കൃഷി ചെയ്യുന്നു. നെല് കൃഷി വിജയകരമായതോടെ കുന്ദമംഗലം ചാത്തന് കാവിനടുത്ത് ഇരുപത് സെന്റ് വയലില് കൂടി കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അഞ്ചുപേരും. കാര്ഷിക കേരളത്തില് അന്യം നിന്നു പോകുന്ന നെല് കൃഷിയെ നാട്ടുകാര്ക്ക് പരിചയപെടുത്തി മാതൃകയാവുകയാണ് ഈ സൗഹൃദ കാർഷിക കൂട്ടായ്മ.
