കൊച്ചുമകള്‍ ദേവപ്രിയയുടെ മനോധൈര്യമാണ് മുത്തശ്ശിക്ക് പുതുജീവന്‍ നല്‍കിയത്

കാവാലം: തോട്ടില്‍ മുങ്ങി താഴ്ന്ന മുത്തശ്ശിക്ക് കൊച്ചുമകള്‍ രക്ഷകയായി. കാവാലം നെന്മലാറയ്ക്കല്‍ വീട്ടില്‍ മലമ്മ(78)യ്ക്കാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകള്‍ ദേവപ്രിയയുടെ മനോധൈര്യം പുതുജീവന്‍ നല്‍കിയത്. കഴിഞ്ഞ ആറിന് വൈകിട്ട് 4.15 നായിരുന്നു സംഭവം.

കാവാലം ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദേവപ്രിയ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ആരും അവിടെയുണ്ടായിരുന്നില്ല. പതിവായി കാപ്പിയുമായി എത്തുന്ന മുത്തശ്ശിയെയും കാണാനില്ല. ബാഗ് മുറിക്കുള്ളില്‍വച്ച് വീടിനടുത്തുണ്ടായിരുന്ന അനുജത്തിയോട് മുത്തശിയെ തിരിക്കിയപ്പോഴാണ് വീടിനു മുന്നിലുള്ള നാട്ടുതോട്ടിലൊരു ശബ്ദം കേട്ടത്. നോക്കിയപ്പോള്‍ വെള്ളത്തില്‍ കൈകളിട്ടടിച്ച് താഴ്ന്നുപോകുന്ന മുത്തശ്ശിയെയാണ് കണ്ടത്. നിലവിളിച്ചെങ്കിലും ഉടന്‍ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. തോട്ടിലേക്ക് ചാടിയ ദേവപ്രിയ മുത്തശ്ശിയെ എടുത്ത് കരയ്‌ക്കെത്തിച്ചു. ഈ സമയം വഴിയിലൂടെ വന്ന സ്ത്രീകള്‍ ചേര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി.

തുണി നനയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നെന്ന് കമലമ്മ പറയുന്നു. മുങ്ങി താഴ്ന്ന് മരണത്തെ മുഖാമുഖം കണ്ട സമയത്ത് ദേവപ്രിയ എത്തിയെന്ന് അവര്‍ ഓര്‍ക്കുന്നു. കമലമ്മയുടെ മകന്‍ ദേവരാജന്റെയും പ്രമീളയുടെയും മകളാണ് ദേവപ്രിയ. സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ദേവപ്രിയയെ 13ന് ഉച്ചകഴിഞ്ഞ് ഗവ.യു.പി സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ അനുമോദിക്കുമെന്ന് പ്രധാനാധ്യാപികയായ ടി.കെ ഇന്ദിരയും പി.ടി.എ പ്രസിഡന്റ് ടി.പി പ്രസന്നനും അറിയിച്ചു.