ശക്തമായ മഴയില്‍ താളം തെറ്റി ഇടുക്കി കാര്‍ഷിക മേഖലയ്ക്കും ടൂറിസത്തിനും തിരിച്ചടി ദുരിതംപേറി ജനങ്ങള്‍

ഇടുക്കി: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത നാശം വിതച്ചിരിക്കുകയാണ്. മൂന്നാര്‍, ആനച്ചാല്‍, രാജമല, തുടങ്ങിയ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ തകര്‍ന്നും കൃഷി നശിച്ചും ദുരിതത്തിലാണ് നാട്ടുകാര്‍. തിങ്കളാഴ്ച പെയ്ത മഴയില്‍ മൂന്നാര്‍ ടൗണിന് സമീപത്തെ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന്റെ ഒരുവശം ഇടിയുകയും നിരവധി കടകളുടെ മേല്‍ക്കൂരകള്‍ തകരുകയും ചെയ്തു. മൂന്നാര്‍ എം.ജി കോളനിയില്‍ മണ്‍തിട്ട ഇടിഞ്ഞതിനെ തുടര്‍ന്ന് നാലു കുടുംബങ്ങളെ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം റവന്യുവകുപ്പ് മറ്റിപാര്‍പ്പിച്ചു. മൂന്നാര്‍ ടൗണിലെ പഞ്ചായത്ത് ഇരിപ്പിടത്തിന് സമീത്ത് രാവിലെ മണ്ണിടിച്ചലുണ്ടായെങ്കിലും വന്‍ അപകടം ഒഴിവായി. ഗൈഡുമാര്‍ സ്ഥിരമായി ഇരിക്കുന്ന ഭാഗത്തേക്കാണ് മണ്‍തിട്ട ഇടിഞ്ഞുവീണത്. 

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. കുറ്റിയാര്‍ വാലിയില്‍ പത്തോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. നല്ലതണ്ണിയിലെ വേളാങ്കണ്ണിമാത ചര്‍ച്ചിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. വിനോദസഞ്ചാര മേഖലയായ മാട്ടുപ്പെട്ടി, രാജമല, ബ്ലോസം പാര്‍ക്ക് എന്നിവ അടച്ചിട്ടിരിക്കുകയാണ്. മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള നീരൊഴുക്കവര്‍ദ്ധിച്ചതോടെ ജീവനക്കാര്‍ ബോട്ടുകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

കനത്ത മഴയില്‍ മുതിരപ്പുഴയടക്കമുള്ള കൈതോടുകളില്‍ നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. നാലുദിവസമായി തുടരുന്ന മഴയില്‍ ഇലട്രിക്ക് പോസ്റ്റുകളടക്കം കടപുഴകി വീണതോടെ എസ്‌റ്റേറ്റ് മേഖലകളില്‍ വൈദ്യുതിബന്ധം നിലച്ചു. ഇതോടെ ഈ പ്രദേശത്ത് ഫോണടക്കമുള്ള ബന്ധങ്ങള്‍ നിശ്ചലമായി. രണ്ടുവര്‍ഷം മുമ്പുണ്ടായ കനത്ത മഴയില്‍ മൂന്നാര്‍ കോളനിയില്‍ മണ്‍ഭിത്തികള്‍ ഇടിഞ്ഞുവീണ് പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളനികളില്‍ വീടിന് പിന്‍വശത്തെ മണ്‍ഭിത്തികള്‍ക്ക് പകരം കല്‍ഭിത്തികള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെയും തുടര്‍നടപടികളുണ്ടായിട്ടില്ല

ആനച്ചാല്‍ മൂന്നാര്‍ റൂട്ടില്‍ ആല്‍ത്തറയ്ക്ക് സമീപം ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മ്മിച്ച നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ നിലം പതിച്ചു. ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡ് അടക്കം ഇനിയും ഇടിഞ്ഞ് താഴുവാന്‍ സാധ്യതയുണ്ട്. സമീപത്തെ മറ്റ് കെട്ടിടങ്ങളും ഏത് നിമിഷവും തകര്‍ന്ന് വീണേക്കാം. കെട്ടിടത്തിന്‍റെ അടിവശത്തുനിന്ന് മണ്ണിടിഞ്ഞ് താഴുകയായിരുന്നു. തുടര്‍ന്ന് കെട്ടിടം പൂര്‍ണ്ണമായി നിലംപതിച്ചു. കുത്തനെയുള്ള പ്രദേശത്ത് അശാസ്ത്രീയമായി കെട്ടിടം നിര്‍മ്മിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് മൂന്ന് നിലയില്‍ കൂടുതല്‍ നിര്‍മ്മാണം നടത്തുവാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഈ നാലു നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 

മഴ ശക്തമായതോടെ ഹൈറേഞ്ചിലെ ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. നിരവധി വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നതിനൊപ്പം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വേനല്‍ മഴയില്‍ പ്രതീക്ഷയോടെ പരിപാലിച്ച ഏലവും ഓണക്കാലത്തെ ലക്ഷ്യം വച്ച് നട്ടുവളര്‍ത്തിയ വാഴയും മറ്റ് വിളകളും വ്യാപാകമായി കാറ്റെടുത്തു. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ഇറക്കിയ കൃഷി പൂര്‍ണ്ണമായി നശിച്ചതോടെ കടക്കെണിയിലായിരിക്കുകയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.

ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലായി എണ്ണൂറ്റി നാല്‍പ്പത്തിയൊന്ന് കര്‍ഷകര്‍ക്കാണ് കൃഷി നാശമുണ്ടായത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 126 ഹെക്ടര്‍ കൃഷി നശിച്ചിട്ടുണ്ട്. രണ്ട് കോടിയോളം രൂപയുടെ നാശ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഇതുവരെ ഉണ്ടായതായി കണക്കാക്കുന്നത്. ഇത് ഇനിയും ഉയരുവാനാണ് സാധ്യത. പല മേഖലകളില്‍ നിന്നും കണക്കുകള്‍ ജില്ലാ കൃഷി ഓഫീസില്‍ എത്തിയിട്ടില്ല. കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തിര സഹായമെത്തിയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. 

കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ ഹൈറേഞ്ച് മേഖലയില്‍ അഗ്നിശമനസേനയുടെ സൗകര്യം ലഭിക്കാത്തതും നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. അഗ്നിശമനസേന എത്തിപ്പെടുന്നത് എളുപ്പമല്ലാത്തതിനാല്‍ നാട്ടുകാരാണ് മിക്കപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഗതാഗത സൗകര്യങ്ങള്‍ കുറവുള്ള രാജാക്കാട് മേഖലയില്‍ ഒരു ഫയര്‍സ്റ്റേഷന്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെയും നടപ്പാക്കിയിട്ടില്ല.

 രാജാക്കാട്, രാജകുമാരി, സേനാപതി, കൊന്നത്തടി, ബൈസണ്‍വാലി, ശാന്തമ്പാറ, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അഗ്നിശമനസേനാ വിഭാഗത്തിന്റെ സേവനം ലഭ്യമാകണമെങ്കില്‍ മണിക്കൂറുകള്‍ താമസം നേരിട്ടിരുന്നു. ഇവിടങ്ങളില്‍ നിന്നും ശരാശരി 25 കിലോമീറ്ററിലധികം ദൂരെയുള്ള അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലെ ഫയര്‍സ്റ്റേഷനുകളില്‍ നിന്നും തീര്‍ത്തും ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെ ഫയര്‍ എന്‍ജിനും ഉദ്യോഗസ്ഥരും എത്തിച്ചേരാന്‍ ഏറെ സമയമെടുക്കും. അതുകൊണ്ട് തന്നെ മലനാട്ടില്‍ സംഭവിച്ച പല അപകടങ്ങളിലും അഗ്നിശമനസേനാവിഭാഗം നിസഹായരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിലെല്ലാം അഗ്നിശമനസേനയ്ക്ക് ചെന്നെത്താനായില്ല. 

വൈദ്യുതിമന്ത്രി എം.എം.മണിയുടെ ഇടപെടലിനെ തുടര്‍ന്ന് രാജാക്കാട് ഒരു മിനി ഫയര്‍ സ്റ്റേഷന് ഭരണാനുമതി ലഭിച്ചത് ഒരു വര്‍ഷം മുമ്പാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ മിനി ഫയര്‍ സ്റ്റേഷന്‍ പൂര്‍ണ സജ്ജമാകുമെന്ന് ജനപ്രതിനിധികള്‍ പറയുമ്പോഴും ഇതിന് വേണ്ടി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. സ്ഥലമേറ്റെടുപ്പും അനുബന്ധപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഫയര്‍സ്റ്റേഷനുള്ള സാങ്കേതിക അനുമതി ലഭ്യമാകൂ.

മഴ ശക്തമായത് മൂന്നാറിലെ വിനോദ സഞ്ചാര മേഖലയെയും ബാധിച്ചു. ദുരന്ത സാധ്യത കണക്കിലെടുത്ത് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിര്‍ത്തിവച്ചു. പ്രധാന കേന്ദ്രമായ രാജമലയും അടച്ചു. വ്യാപാര മേഖലയടക്കം പ്രതിസന്ധിയിലാണ്. മൂന്നാര്‍മേഖലയില്‍ ഉള്‍പ്പെട്ട, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍ അടക്കമുള്ള ഹൈഡല്‍ ടൂറിസം സെന്‍ററുകളില്‍ ബോട്ടിംഗ് അടക്കം നിലച്ചു. പ്രധാന കേന്ദ്രമായ രാജമലയിലേയ്ക്ക് പ്രവേശനവും നിര്‍ത്തിവച്ച് കേന്ദ്രം അടച്ചിരിക്കുകയാണ്. മാത്രമല്ല മഴ ശക്തമായതോടെ തോട്ടം മേഖലകളില്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ തൊഴിലാളി കുടുംബങ്ങളും പട്ടിണിയുടെ നടുവിലാണ്. 

അതേസമയം പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുക്കുടി ചെക്ക് ഡാം കരകവിഞ്ഞൊഴുകി. കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടില്‍ വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ചെങ്കിലും ഉത്പാദനത്തെക്കാള്‍ വെളളം ഒഴുകിയെത്തിയതാണ് ചെക്ക് ഡാം കരകവിയാന്‍ കാരണം. ചെക്ക് ഡാം കരകവിഞ്ഞതോടെ കാലങ്ങള്‍ക്ക് ശേഷം കുത്തുങ്കല്‍ വെള്ളച്ചാട്ടവും സജീവമായി. കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പന്നിയാര്‍ പുഴയില്‍ ഡാം നിര്‍മ്മിച്ചത്.