മുകളില്‍ നിന്നും താഴേയ്ക്ക് ഇടിഞ്ഞുവീണ കരിങ്കല്‍ക്കെട്ട് വീടിന്‍റെ ചുമരില്‍ തട്ടിയാണ് നിന്നത്.
ഇടുക്കി: കനത്ത മഴ തുടരുന്ന തോട്ടം മേഖലയില് ഭീതിയൊഴിയുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ ശക്തമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മൂന്നാര് ടൗണിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ചൊവ്വാഴ്ച 11.58 സെന്റീമീറ്റര് ലഭിച്ചപ്പോള് ബുധന്, വ്യാഴം ദിവസങ്ങളില് യഥാക്രമം 11.02,10.47 സെന്റീമീറ്റര് ലഭിച്ചു.
കനത്ത മഴയില് തോടുകളിലും പുഴകളിലും ഒഴുക്ക് ശക്തമായതോടെ മുതിരപ്പുഴയാര് ജലസമൃദ്ധമായി. മൂന്നാര് ടൗണിനടുത്തുള്ള സുബ്രമണി ക്ഷേത്രത്തിന് സമീപമുള്ള കരിങ്കല്ക്കെട്ട് ലയത്തിന് സമീപം ഇടിഞ്ഞ് വീണെങ്കിലും താമസക്കാര് രക്ഷപ്പെട്ടു. മുകളില് നിന്നും താഴേയ്ക്ക് ഇടിഞ്ഞുവീണ കരിങ്കല്ക്കെട്ട് വീടിന്റെ ചുമരില് തട്ടിയാണ് നിന്നത്.
ശക്തമായ കാറ്റുള്ളത് റോഡരികില് നില്ക്കുന്ന പോസ്റ്റുകള്ക്കും മരങ്ങള്ക്കും ഭീഷണിയുയര്ത്തുന്നുണ്ട്. കൊച്ചി - ധനുഷ്കോടി ദേശീയപാതയില് പഴയ മൂന്നാറിലെ എല്.പി സ്കൂളിന് സമീപമുള്ള റോഡിലേയ്ക്ക് വെള്ളക്കെട്ടുണ്ടാകുന്നത് വാഹനങ്ങള്ക്കും യാത്രക്കാര്ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴകനത്തതോടെ ഇടുക്കിയിലെ തോട്ടം മേഖലയ്ക്ക് വന് തിരിച്ചടിയാണ് ഉണ്ടായത്.
മൂന്നാര് - ഉടുമലപ്പേട്ട അന്തര് സംസ്ഥാന പാതയില് റോഡിലേയ്ക്ക് അങ്ങിങ്ങായി മണ്ണിടിഞ്ഞ് വീണെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. മഴ ശക്തമായതോടെ മൂന്നാര് ടൗണിലെ പ്രമുഖ റോഡുകളെല്ലാം തകര്ന്ന നിലയിലാണ്. പഴയമൂന്നാര്. മൂന്നാര് കോളനി, നല്ലതണ്ണി എന്നിവടങ്ങളിലേയ്ക്ക് പോകുന്ന വഴിയും തകര്ന്നതോടെ ഗതാഗതം വലിയ ബുദ്ധുമുട്ടിലായി. മഴ ശക്തി പ്രാപിച്ചതോടെ മൂന്നാറില് തണുപ്പും അധികരിച്ചു. ലക്ഷ്മി, സെവന്മല, വാഗുവാര, ഗുണ്ടുമല, തെന്മല, എല്ലപ്പെട്ടി, ചെണ്ടുവര എന്നിവിടങ്ങളിലാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്.
