വീട് നിര്‍മ്മിച്ച് നല്‍കിയത് മലയാളി കൂട്ടായ്മയായ ബെർവിക്ക് അയൽക്കൂട്ടം
ആലപ്പുഴ: ചോർന്നൊലിക്കുന്ന വീടിനുള്ളിൽ പഠിക്കാനിരിക്കുമ്പോൾ ഗോപികയും ഗോപുവും എപ്പോഴും സ്വപ്നം കണ്ടിരുന്നത് ഒരു നല്ല വീടായിരുന്നു. ഭിന്നശേഷിക്കാരനായ അച്ഛൻ ലോട്ടറിക്കച്ചവടം നടത്തിയാണ് തങ്ങളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്തുന്നതെന്നും, അതുകൊണ്ട് തന്നെ പുതിയ വീട് എക്കാലവും സ്വപ്നമായി അവശേഷിക്കുമെന്നുമാണ് ഇരുവരും ധരിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് പട്ടം വെളിയിൽ ഗോപാലകൃഷ്ണന്റെ മക്കൾക്ക് അങ്ങനെ ചിന്തിക്കുവാനെ കഴിയുമായിരുന്നുള്ളൂ.
എന്നാല് ഇനി സുരക്ഷിതമായ വീട്ടിൽ സമാധാനത്തോടെയിരുന്ന് ഇവർക്ക് പഠനം തുടരാം. ഗോപിക ബി.എ. ഇക്കണോമിക്സിനും ഗോപു ബി എസ് സി സുവോളജിക്കുമാണ് പഠിക്കുന്നത്. മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ജനകീയ പഠന പിന്തുണാപദ്ധതിയുടെ ഭാഗമായി ദത്തെടുത്ത കുട്ടികളുടെ പട്ടികയിൽ ഗോപികയും ഉൾപ്പെട്ടതോടെ പുതിയ വീടിനുള്ള സാധ്യത തെളിയുകയായിരുന്നു. വാസയോഗ്യമായ വീടില്ലാത്ത അഞ്ച് കുട്ടികളിലൊന്ന് ഗോപികയായിരുന്നു.
മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കും ട്രസ്റ്റിന്റെ പ്രവർത്തകരും ഗോപികയുടെ വീട് സന്ദർശിച്ചിരുന്നു. ഗോപികയ്ക്കും ഗോപുവിനും വീട് നിർമ്മിച്ചു നൽകാൻ സഹായം അഭ്യർത്ഥിച്ച് മന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ഓസ്ത്രേലിയയിലെ മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ ബെർവിക്ക് അയൽക്കൂട്ടമാണ് വീട് നിർമ്മിച്ചു നൽകാൻ തയ്യാറായി വന്നത്. ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.
ബെർവിക് സംഘടനാ ഭാരവാഹികളായ ജോസ് പീറ്റർ, ജോർജ് ജേക്കബ് എന്നിവർ ചേർന്ന് വീടിന്റെ താക്കോൽ കൈമാറി. മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് സന്നിഹിതനായിരുന്നു. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ജനകീയ പഠന പിന്തുണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടാണ്.
