ആലത്തൂർ കൈതകുഴി വീട്ടിൽ ജോഷിൻ ദാസ് (27)നെ ആണ് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.​

തിരുവനന്തപുരം: ജയില്‍ വാർഡനെ കൊന്നു കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുങ്കടവിള ആലത്തൂർ കൈതകുഴി വീട്ടിൽ ജോഷിൻ ദാസ് (27)നെ ആണ് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട് പണി കഴിഞ്ഞ ശേഷം വീട്ടിലെത്തിയ ജോഷിൻ ദാസ് ഇന്നലെ ഉച്ചയോടു കൂടി യൂണിഫോം തേക്കാനുണ്ടെന്ന് പറഞ്ഞ് പോകുകയായിരുന്നു. എന്നാൽ വൈകിയും തിരിച്ചെത്താതതിനാല്‍ അമ്മ ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ ജോഷിൻ ദാസിന്‍റെ വാഹനം വീട് പണിനടക്കുന്നതിന് സമീപം ഇരിക്കുന്നത് കണ്ടെത്തി. 

തുടർന്ന് ബന്ധുക്കൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. ജോസിൻ ദാസിന്‍റെ കാലും കൈകളും കൂട്ടികെട്ടിയ നിലയിലും, വായ് തുണികൊണ്ട് മൂടികെട്ടിയ നിലയിലും കയറ് കൊണ്ടു കഴുത്തിൽ കെട്ടി മുറുക്കിയശേഷം ജനലിൽ വലിച്ചു കെട്ടിയ നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ഇയാള്‍ അവിവാഹിതനാണ്. ബന്ധുക്കളുടെ പരാതിയില്‍ ആര്‍ഡിഓയുടെ സാന്നധ്യത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.