തൃശൂർ: ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ സംസ്‌കാരം നാട്ടില്‍ നടപ്പിലാക്കുന്നതിനെതിരായി പോരാടുന്നവരാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാരെന്നും അങ്ങനെയുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ രാജ്യത്തിന് മാതൃകയായിരിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ. മലപ്പുറത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി അന്തിക്കാട് ചെത്ത് തൊഴിലാളി യൂണിയന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന പതാകജാഥ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭ്രാന്താലയം എന്നു വിളിക്കപ്പെട്ടിരുന്ന കേരളത്തെ 79 വര്‍ഷമായി ദൈവത്തിന്റെ സ്വന്തം നാടായി മാറ്റിമറിച്ചവരാണ് സിപിഐക്കാര്‍. ജനസേവനത്തിന്റെ മേഖലയില്‍ സത്യസന്ധതയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും നിസ്വാര്‍ത്ഥതയുടേയും മാര്‍ഗ്ഗത്തിലൂടെ മാത്രമാണ് 1939 മുതല്‍ ഒരു കളങ്കവുമില്ലാതെ സിപി ഐക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള കമ്മ്യൂണിസ്‌കള്‍ക്ക് കളങ്കമുള്ള പ്രസ്ഥാനങ്ങളുമായി കൂടിച്ചേരാന്‍ പറ്റില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയായിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതുപോലെ തന്നെയായിരിക്കണം. 

പൊതുമേഖലയെ ഒന്നൊന്നായി വന്‍കിടക്കാര്‍ക്ക് കൊള്ളയടിക്കുവാന്‍ ഒത്താശ ചെയ്തു കൊടുക്കുന്ന, ഫാസിസ്റ്റ് നയം നടപ്പിലാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പോരാടുന്ന ഇടതു മുന്നണിക്ക് മതവും ജാതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.