തൃശൂർ: ആറ് മാസത്തോളമായി തുടരുന്ന കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സംസ്ഥാന ജനറൽ കൗൺസിൽ തീരുമാനം. 29 ന് ആലപ്പുഴ ഒഴികെയുള്ള മുഴുവൻ ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലേക്കും നഴ്സുമാരുടെ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. 30ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് വൻ പ്രതിഷേധ റാലിയും തുടർന്ന് ഫെബ്രുവരി ഒന്നുവരെ രാപ്പകൽ സമരവും നടക്കും.
ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചർച്ചയുടെ അടിസ്ഥാനത്തിൽ സമരത്തിൻ്റെ രൂപത്തിൽ മാറ്റം വരുത്തും. ഈ ചർച്ചയിലും കെ.വി.എം മാനേജ്മെൻ്റ് നിഷേധ നിലപാട് തുടർന്നാൽ രണ്ടാം തിയതി മുതൽ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഒപ്പം സംസ്ഥാന വ്യാപകമായും ആലപ്പുഴയിലും പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നതിനും യു.എൻ.എ തീരുമാനിച്ചു.
സേവന പാരമ്പര്യമുള്ള രണ്ട് നഴ്സുമാരെ ട്രെയിനികളെന്ന് മുദ്രകുത്തി അന്യായമായി പുറത്താക്കിയതാണ് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരത്തിനാധാരം. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ആലപ്പുഴയിൽ നിന്നുള്ള മന്ത്രി ഡോ.തോമസ് ഐസകും മന്ത്രി പി. തിലോത്തമനും ഒന്നിലേറെ തവണ നടത്തിയെങ്കിലും മാനേജ്മെൻ്റ് അയഞ്ഞില്ല. സമരത്തിൻ്റെ അറുപതാം നാൾ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രി അടച്ചിട്ടു. ഇതോടെ ആശുപത്രിയിലെ നൂറുകണക്കിന് ജീവനക്കാർ തൊഴിൽ നഷ്ടപ്പെട്ട് വഴിയാധാരമായി.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും 2013 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തിനും 3 ഷിഫ്റ്റ് സമ്പ്രദായത്തിനും പ്രസവാനുകൂല്യങ്ങള്‍ക്കു വേണ്ടിയും, ബോണസ് ഗ്രാറ്റുവിറ്റി എന്നിവയ്ക്കുമായാണ് നഴ്സുമാർ അവിടെ സമരം തുടരുന്നത്. അടച്ചിട്ട ആശുപത്രി തുറക്കാതെ കുപ്രചാരണം കൊണ്ട് സമരത്തെ നേരിടാനാണ് ഉടമകൾ ഇനിയും ശ്രമിക്കുന്നതെങ്കിൽ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും പ്രതിഷേധങ്ങളും ആവശ്യമെങ്കിൽ പണിമുടക്കും നടത്തുമെന്നും ചേർത്തലയിൽ നടന്ന ജനറൽ കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.
