യോഗ അധ്യാപകൻ അടക്കം രണ്ടുപേരെ പൊലീസ് വിട്ടയച്ചു

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന അഞ്ചുപേരിൽ പ്രതിയെന്ന് സംശയിച്ചിരുന്ന യോഗ അധ്യാപകൻ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിൽ ഉണ്ടായിരുന്ന യോഗധ്യാപകൻ അനിൽ, ലാലു എന്നിവരെയാണ് പൊലീസ് വിട്ടയച്ചത്. അവശേഷിക്കുന്ന ഹരി, ഉമേഷ്, ഉദയൻ എന്നിവർ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. ശക്തമായ തെളിവുകളുടെ അഭാവത്തിലാണ് രണ്ടുപേരെ വിട്ടയച്ചത് എന്നാണ് വിവരം. 

ലിഗയെ പൂനംതുരുത്തിൽ എത്തിച്ചു എന്നു പറയപ്പെടുന്ന ഉമേഷിന്റെ ഫൈബർ വള്ളത്തിൽ നിന്നും കുറച്ചു തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നെങ്കിലും അതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന. പൂനംതുരുത്തിലെ വള്ളി പടർപ്പുകളിൽ തെളിവുകൾക്കായി പൊലീസ് ഞായറാഴ്ച വിശദമായ തിരച്ചിൽ നടത്തി. പ്രദേശവാസികളായ മൂന്ന് പേരുടെ സഹായത്തോടെ സമീപത്തെ പുഴയിലും തിരച്ചിൽ നടന്നു. എന്നാൽ കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല എന്നാണ് വിവരം. പ്രതികൾ തെളിവുകൾ തീയിട്ട് നശിപ്പിച്ചതായും വിവരമുണ്ട്. 

വിഴിഞ്ഞം സി.ഐ എൻ. ഷിബുവിന്റെ നേതൃത്വത്തിലാണ് ഞായറാഴ്ച്ച മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ലെൻസുകളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. പ്രതികളുടെ മുടിയിഴകൾ ഉൾപ്പടെയുള്ള തെളിവുകൾ കണ്ടെത്താനായിരുന്നു തിരച്ചിൽ. മുഖ്യ പ്രതി എന്ന് സംശയിക്കുന്ന യോഗ അധ്യാപകൻ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള ശക്തമായ തെളിവുകളുടെ അഭാവമാണ് അറസ്റ്റ് വൈകാൻ കാരണമായി കണക്കാക്കുന്നത്. ശക്തമായ തെളിവുകൾ ശേഖരിച്ച് പ്രതികളെ ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിൽ നിയമനത്തിന്റെ മുൻപിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പൊലീസ്. 

പ്രദേശത്തെ വീടുകളിൽ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് എത്താൻ പൊലീസിന് കൂടുതൽ സഹായകമായത്. കസ്റ്റഡിയിലുള്ള മൂന്ന് പേരെ വിശദമായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ലിഗയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി വന്ന ശേഷമേ ലൈംഗീകാതിക്രമം നടന്നിട്ടുണ്ടോ എന്നുള്ളത് പൊലീസിന് സ്ഥിതികരിക്കാൻ കഴിയു. ഇന്ന് വൈകിട്ടോടെ അല്ലെങ്കിൽ നാളെയോടെ രാസ പരിശോധന ഫലം പുറത്തു വരുമെന്നാണ് വിവരം. ഇതിനു ശേഷമാകും അറസ്റ്റ് സംബന്ധിച്ച നടപടികളിലേക്ക് പൊലീസ് എത്തുക.