പോക്​സോ  നിയമ പ്രകാരം പീഡനത്തിനയായ കുട്ടികളുടെ പേര്​ വെളിപ്പെടുത്തരുതെന്നാണ് നിയമം

കോഴിക്കോട്​: കത്വ പീഡന കേസിലെ പെൺകുട്ടിയുടെ പേര് പലതവണ വെളിപ്പെടുത്തി സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ശനിയാഴ്ച കോഴിക്കോട്​ ഹോട്ടൽ സ്പാനിൽ ലെൻസ്ഫെഡ് സംഘടിപ്പിച്ച സംസ്ഥാന വനിത കൺവൻഷന്‍റെ ഉദ്​ഘാടനം ​പ്രസംഗത്തിലാണ്​ ജോസഫൈൻ കത്വ പെൺകുട്ടികുട്ടിയുടെ പേര്​ പല തവണ പറഞ്ഞത്​. പോക്​സോ നിയമ പ്രകാരം പീഡനത്തിനയായ കുട്ടികളുടെ പേര്​ വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കേയാണ്​ സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പെൺക്കുട്ടിയുടെ പേര്​ പരാമർ​ശിച്ചിരിക്കുന്നത്​. 

പീഡനകേസുകളിൽ നിയമ പരിരക്ഷയ്ക്ക് വേണ്ടി ഇരകളുടെ പേര് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ഇരയുടെ സംരക്ഷണത്തിനെന്ന പേരിൽ നടക്കുന്ന ആശാസ്ത്രീയ വിശകലനമായെ ഇതിനെ കാണാനാകൂ. ഇരയുടെ പേര് ഇന്ന് ഊരിന്‍റെ പേരായി മാറിയിരിക്കുന്നു. സൂര്യനെല്ലിയും കത്വയും ഉന്നാവോയും എല്ലാമാണ് ഇപ്പോൾ ഇരകളുടെ പേരുകളെന്നും അവർ പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കേരളത്തിന് 12-ാം സ്ഥാനമാണുള്ളത്. കേരളത്തിൽ ഒരു സ്ത്രീയും അതിക്രമത്തിന് ഇരയാകരുതെന്ന സ്ഥിതിയുണ്ടാവണം. യുപിയിലും മധ്യപ്രദേശിലുമാണ് സ്ത്രികൾക്കെതിരായ അക്രമങ്ങൾ കൂട‌ുതലെന്നും അവർ പറഞ്ഞു. നമ്മളറിയാതെ നമ്മുടെ സുരക്ഷിതത്വം കവർന്നെടുക്കുന്ന കാലമാണിത്. ആകാശത്തിന്‍റെയും ഭൂമിയുടെയും പകുതി സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന് ഓരോ സ്ത്രിയ്ക്കും ബോധ്യമുണ്ടാകുകയും അത് പറഞ്ഞ് കൊണ്ടിരിക്കുകയും വേണം. 

നയപരമായ തീരുമാനമെടുക്കുന്ന രാഷ്ട്രീയ വേദികളിലൊന്നും തന്നെ ഇന്ന് സ്ത്രീകളില്ല. സ്ത്രീകളുടെ അധ്വാനത്തെ തൊഴിലാളിയെന്ന നിലയിൽ ചൂഷണം ചെയ്യുകയാണ്. വൈദഗ്ധ്യമുള്ള മേഖലകളിലൊന്നും സ്ത്രീകളില്ല. വളരെ ചുരുങ്ങിയ നിരക്കിൽ കിട്ടുന്ന ഒന്നായി സ്ത്രീകളുടെ അധ്വാനം ഇന്ന് മാറിയിരിക്കുന്നതായി ജോസഫൈൻ പറഞ്ഞു. യോഗത്തിൽ ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്‍റ് ആർ.കെ. മണിശങ്കർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി മേയർ മീരാ ദർശക്, മുൻ സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. നൂർബീന റഷീദ് , ലെൻസ് ഫെഡ് സംസ്ഥാന സെക്രട്ടറി പി.എം. സനിൽകുമാർ, ഡോയ യു.എ. ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ റസിത . പി. സ്വാഗതവും സി.എസ്. വിനോദ് കുമാർ നന്ദിയും പറഞ്ഞു.