ഇടുക്കി: കഴിഞ്ഞ വര്‍ഷത്തെ അതേ പിഴവ് ഇത്തവണ മുണ്ടിയെരുമയിലും മന്ത്രി മണിയ്‌ക്കൊപ്പം എത്തി. ബഹുമാനപെട്ട കായികതാരങ്ങളെ എന്ന അഭിസംബോധനയോടെയാണ് മന്ത്രി എം.എം മണി പ്രസംഗം ആരംഭിച്ചത്. കലോത്സവത്തിന് ഉദ്ഘാടകനായി മന്ത്രി മണിയെയാണു നിശ്ചയിച്ചതെങ്കിലും തിരക്കുകള്‍ മൂലം അദ്ദേഹത്തിന് ആദ്യദിനം ചടങ്ങിനെത്താനായിരുന്നില്ല.

ഇതിനു പകരമായാണ് മണി ഇന്നലെ വൈകുന്നേരം വേദിയിലെത്തിയത്. കഴിഞ്ഞ തവണ തൊടുപുഴയില്‍ നടന്ന റവന്യു ജില്ലാ കലോല്‍സവത്തില്‍ കായികമാമാങ്കത്തിന് ആശംസകള്‍ അര്‍പ്പിച്ചാണ് അന്ന് മന്ത്രി പ്രസംഗം തുടങ്ങിയത്. പി.ടി. ഉഷ, ഷൈനി എബ്രാഹം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണെന്നും കഴിഞ്ഞ വര്‍ഷം അദേഹം പറഞ്ഞിരുന്നു.