പൊതുമേഖലാ ബാങ്കുകളടക്കം എല്ലാ ബാങ്കുകള്‍ക്കും ഇയാളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം കത്ത് നല്‍കി.

ചേര്‍ത്തല: കോടികളുടെ സ്വത്തിനുടമയായിരുന്ന ബിന്ദുപത്മനാഭന്‍റെ തിരോധാനം അന്വേഷിക്കുന്ന സംഘം ബാങ്കുകളുടെ സഹകരണം തേടി. മുഖ്യപ്രതി സെബാസ്റ്റ്യന്‍റെയും കാണാതായ ബിന്ദു പത്മനാഭന്‍റെയും പണമിടപാടുകള്‍ കണ്ടെത്തുന്നതിനാണ് ശ്രമം. സെബാസ്റ്റ്യന്‍റെ പണമിടപാടുകള്‍ മരവിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു. 

സെബാസ്റ്റ്യന്‍റെതായി ചേര്‍ത്തലയിലെ ഒരു ഷെഡ്യൂള്‍ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളടക്കം എല്ലാ ബാങ്കുകള്‍ക്കും ഇയാളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം കത്ത് നല്‍കി. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളും പരിശോധിക്കും. അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ച് പരിശോധന നടത്തിയാല്‍ മാത്രമേ ഇത് മരവിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാകൂ. 

കോടീശ്വരിയായ ബിന്ദു പത്മനാഭന്റെ തിരോധാനം; പ്രധാന പ്രതിയെ പൊലീസ് പിടികൂടി

ബിന്ദു പത്മനാഭന്‍ തന്‍റെ കൈവശമുണ്ടായിരുന്ന സ്ഥലങ്ങള്‍ വന്‍തുകയ്ക്ക് വിറ്റതായാണ് വിവരങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ കിട്ടിയ തുക ഏത് ബാങ്കുകള്‍ വഴിയാണ് കൈമാറിയതെന്നോ തുടര്‍ ഇടപാടുകള്‍ നടത്തിയതെന്നോ കണ്ടെത്താനായിട്ടില്ല. മാവേലിക്കര എണ്ണക്കാട് പ്രാഥമിക സഹകരണ ബാങ്കില്‍ അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഇടപാടുകളുടെ വിവരങ്ങള്‍ക്കായും ബാങ്കിനെ സമീപിച്ചിട്ടുണ്ട്. 

ഇതേസമയം ബിന്ദു 2003 ന് ശേഷം അമ്പലപ്പുഴയില്‍ വാങ്ങിയ സ്ഥലത്തെ കുറിച്ചുള്ള വിശദാംശങ്ങളും അന്വേഷണ പരിതിയിലാണ്. പലിശക്കെടുത്ത പണം കൊണ്ടായിരുന്നു ഈ സ്ഥലം വാങ്ങിയത്. പണം തിരിച്ചടക്കാതെ വന്നതോടെ പലിശക്ക് പണം നല്‍കിയ ആള്‍ കോടതിയില്‍ കേസ് കൊടുത്ത് സ്ഥലം ലേലത്തിന് വെച്ചു. ബിന്ദുവിന് പലിശയ്ക്ക് പണം നല്‍കിയയാളും സെബാസ്റ്റ്യന്‍റെ അടുത്തയാളാണെന്നാണ് വിവരം. ഇയാളെയും ലേലത്തെ തുടര്‍ന്ന് വസ്തു വാങ്ങിയ അഭിഭാഷകനെയും അന്വേഷണ സംഘം തെളിവെടുപ്പിനായി വിളിപ്പിച്ചു.