ആലപ്പുഴ മുഹമ്മയില്‍ നിന്ന് പാതിരാ മണല്‍ ദ്വീപിലേയ്ക്കൊരു ബോട്ട് യാത്ര സൗകര്യമൊരുക്കിയിരിക്കുന്നത് സംസ്ഥാന ജലഗതാഗത വകുപ്പ്

ആലപ്പുഴ: സ്വകാര്യ ബോട്ടുകളുടെ അന്യായ നിരക്കില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കായി സംസ്ഥാന ജലഗതാഗത വകുപ്പ് പരീക്ഷണടിസ്ഥാനത്തിലാരംഭിച്ച ബോട്ട് സര്‍വീസ് വിജയവീഥിയില്‍. ആലപ്പുഴ മുഹമ്മയില്‍ നിന്ന് പാതിരാ മണല്‍ ദ്വീപിലേയ്ക്കാണ് ബോട്ട് സര്‍വീസുള്ളത്. ദ്വീപിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പത്ത് രൂപ വീതം നല്‍കിയാല്‍ മതി. 

അര മണിക്കൂര്‍കൊണ്ട് നല്ല കുട്ടനാടന്‍ കായല്‍ യാത്ര ആസ്വദിക്കാവുന്ന രീതിയിലാണ് ഈ പാക്കേജ്. മുഹമ്മ ബോട്ട് ജെട്ടിയില്‍ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താല്‍ പാതിരാ മണല്‍ ദ്വീപിലെത്താം. കുമരകത്തു നിന്ന് പാതിരാമണലിലേക്ക് 42 പേര്‍ക്കു പോകാന്‍ വെറും 420 രൂപ മതി. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട് കായലിലെ ചെറുദ്വീപാണ് പാതിരാമണല്‍. 

തണ്ണീര്‍മുക്കത്തിനും കുമരകത്തിനും ഇടയിലായാണ് പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അവധിക്കാലമായതോടെ ദിവസേന സ്വദേശികളും വിദേശികളുമായ 200ഓളം പേര്‍ ദ്വീപിലേക്ക് ഈ രീതിയില്‍ എത്താറുണ്ടെന്ന് മുഹമ്മ സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ ജി സാത്വികന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പാതിരാമണല്‍ ദ്വീപ് കാണാനും ബോട്ട് റെഡിയാണ്. കുമരകം- മുഹമ്മ പതിവ് സര്‍വീസുകള്‍ മുടക്കാതെയാണ് ദ്വീപിലേക്കു വിനോദ സഞ്ചാരികളുമായി ബോട്ട് യാത്ര. 

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ജലഗതാഗത വകുപ്പ് ഇങ്ങനെയൊരു പാക്കേജ് ആരംഭിച്ചത്. സഞ്ചാരികള്‍ക്ക് ദ്വീപില്‍നിന്ന് തിരികെ പോരേണ്ട സമയത്ത് ബോട്ടെത്തി ഇവരെ തിരികെ എത്തിക്കും. സ്വകാര്യ ബോട്ടുകള്‍ മണിക്കൂറിന് 500 രൂപ മുതല്‍ 2000 വരെ ഈടാക്കുമ്പോഴാണ് സഞ്ചാരികള്‍ക്ക് ആശ്വാസമേകി ജലഗതാഗത വകുപ്പിന്‍റെ ഈ യാത്രാ സൗകര്യം. 

പ്രതിസന്ധിയിലായ ജലഗതാഗതത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതിയെങ്കിലും പാതിരാമണല്‍ എന്ന ചെറു ദ്വീപിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. നൂറുകണക്കിന് ദേശാടന പക്ഷികളും അപൂര്‍വ സസ്യജാലങ്ങളും കണ്ടല്‍ക്കാടുകകളും നിറഞ്ഞ പാതിരാമണല്‍ അത്യാകര്‍ഷകമായ കാഴ്ച്ചകളൊരുക്കിയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്

കല്ലുപാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചും, കണ്ടല്‍ ചെടികളും കാട്ടു വള്ളികളും ചേരുന്ന കാഴ്ചയുടെ മനോഹാരിത നുണഞ്ഞും ഈ പച്ചതുരുത്തിലേക്ക് കടന്നു ചെല്ലാം. പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച ഈ ബോട്ട് സര്‍വ്വീസ് വിജയിച്ചതോടെ മെയ് മാസത്തില്‍ മുഹമ്മ- പാതിരാമണല്‍ റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാന ജലഗതാതഗവകുപ്പ്.