രാത്രി ഏഴരയോടെ ശിവരാമന്‍റെ വീട്ടിലെത്തിയ ബന്ധുക്കളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ശിവരാമന്‍റെ മൃതദേഹം കണ്ടെത്തിയത്.

കോട്ടയം: ചാന്നാനിക്കാട് ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമന്‍ ആചാരിയെയാണ് (80) കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശിവരാമന്‍റെ മകന്‍ രാജേഷിനെ (50) ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. രജേഷിന് മാനസീക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം നാട്ടുകാരറിയുന്നത്. രാത്രി ഏഴരയോടെ ശിവരാമന്‍റെ വീട്ടിലെത്തിയ ബന്ധുക്കളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ശിവരാമന്‍റെ മൃതദേഹം കണ്ടെത്തിയത്. അടുക്കളയില്‍ വെട്ടേറ്റ് മരിച്ച നിലയിലായിരുന്നു ഇയാള്‍ കിടന്നിരുന്നത്. വീട്ടിൽ ശിവരാമൻ ആചാരിയുടെ ഭാര്യ സാവിത്രിയും മകൾ ബിന്ദുവുമാണുള്ളത്. ഇരുവരും രോഗികളായി കിടപ്പിലായതിനാൽ സംഭവം നടന്നത് പുറത്തറിയാൻ വൈകി. 

ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, വാകത്താനം സിഐ സി.വി. മനോജ്കുമാർ, ചിങ്ങവനം എസ്ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ മൊഴി അടിസ്ഥാനമാക്കിയാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ രാത്രിവൈകിയും ചോദ്യം ചെയ്യുകയാണ്.