ആലപ്പുഴ: വേമ്പനാട്ടു കായലില്‍ മലിനീകരണം രൂക്ഷമാകുന്നുവെന്ന് നിയമസഭാ പരിസ്ഥിതി സമിതി വിലയിരുത്തല്‍. കായല്‍ കയ്യേറ്റവും വര്‍ദ്ധിച്ച നിര്‍മ്മാണ പ്രവൃത്തികളും കായലിന്റെ ശേഷി കുറച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ മത്സ്യങ്ങളും ജീവിസമൂഹവും നിലനിന്നിരുന്ന കായലിന്റെ ആഴം പലയിടങ്ങളിലും എട്ട് മീറ്ററില്‍ താഴെയാണ്. പോള തിങ്ങിക്കിടക്കുന്ന കായല്‍ ജലത്തില്‍ ഒക്സിജന്റെ അളവും കുറവാണ്. കായലിന്റെ നാശം തടയുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം ജനങ്ങളുടെ സാംസ്‌ക്കാരികബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കണമെന്നും പരിസ്ഥിതി സമിതി വിലയിരുത്തി. 

വേമ്പനാട്ടു കായലിന്റെ സംരക്ഷണം ഏതെങ്കിലും ഒരു വകുപ്പിന് മാത്രം ഉറപ്പു വരുത്താന്‍ പറ്റുന്നതല്ല. എല്ലാവകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. വേമ്പനാട്ടു കായലിന്റെ സംരക്ഷണത്തിന് ജില്ലയില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തിയ നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്നാകരന്‍ എം.എല്‍.എ പറഞ്ഞു. 

ജലാശയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അവ നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച് അതത് പ്രദേശത്തെ ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരിക്കണം. വേമ്പനാട്ടു കായലിന്റെ പഴയ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും സംബന്ധിച്ച വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം വകുപ്പു മേധാവികള്‍ സമിതിക്ക് നല്‍കണമെന്നും ചെയര്‍മാന്‍
നിര്‍ദ്ദേശിച്ചു.

നീരൊഴുക്ക് കുറഞ്ഞ് കായലിന്റെ നടുവില്‍ മണല്‍തിട്ടകള്‍ രൂപം കൊള്ളുന്നതായും കായല്‍ മലീനികരണം തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഘടനാപ്രതിനിധികള്‍ പറഞ്ഞു. തീരപരിപാലന നിയമം കര്‍ശനമാക്കണം. കായല്‍ മേഖലയുടെ സംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് പ്രദേശവാസികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക, വേമ്പനാട്ടു കായല്‍ സംരക്ഷണ അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിയിച്ചു.

വേമ്പാട്ടുകായല്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. അനധികൃത കായല്‍ കയ്യേറ്റം, തീരത്തോടു ചേര്‍ന്നുള്ള നിര്‍മ്മാണ പ്രവൃത്തികള്‍, മാലിന്യം നിക്ഷേപിക്കല്‍ എന്നിവ മൂലം നാശം നേരിടുന്ന വേമ്പനാട്ടു കായലിന്റെ വിസ്തൃതിയിലും ജലത്തിന്റെ അളവിലും ശുദ്ധതയിലും ജൈവസമ്പത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമിതിക്ക് നല്‍കാവുന്നതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും.