Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ വരയാടുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

  • പ്രാഥമിക സെന്‍സസ് നടപടികള്‍ പൂര്‍ത്തിയായി
Nilgiri Tahr servey munnar
Author
First Published May 30, 2018, 7:01 PM IST

ഇടുക്കി. മൂന്നാറിലെ വരയാടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയെന്നു കണക്കുകള്‍. വനം- വന്യജീവി വകുപ്പ് നടത്തിയ സെന്‍സസിലാണ് വരയാടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാറിലെ വനംമേഖലയില്‍ മാത്രമായി 1101 വരയാടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 വരയാടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിശകലനം. കൂടുതല്‍ പരിശോധനകളില്‍ നിന്നേ വ്യക്തമായ കണക്കുകള്‍ ലഭ്യമാകൂ.

ഈ വര്‍ഷം ഇരവികുളത്തെ രാജമലയില്‍ മാത്രമായി 69 വരയാട് കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് കരുതുന്നത്. 31 ബ്ലോക്കുകളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പഠനത്തിലാണ് വരയാടുകളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വരയാടുകള്‍ കൂടുതലായി കാണപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ 13 ബ്ലോക്കുകളിലും, ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളിലെ 18 ബ്ലോക്കുകളിലുമായിരുന്നു സര്‍വ്വേ. 

മീശപ്പുലിമലയില്‍ മാത്രം 270 ആടുകളെ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഭാഗങ്ങളും നടത്തിയ സര്‍വ്വെകളില്‍ മൂന്നാറിലാണ് വരയാടുകളെ എണ്ണത്തില്‍ വര്‍ദ്ധനവ് കണ്ടെത്തിയിരിക്കുന്നത്. ജി.പി.എസ് സംവിധാനത്തോടെയായിരുന്നു സര്‍വ്വേ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ വെള്ളായണി കാര്‍ഷിക കോളേജ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി, തളിപ്പറമ്പ് സര്‍ സയിദ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകള്‍ എന്നിവരുള്‍പ്പെട്ട 17 സംഘമാണ് കണക്കെടുപ്പില്‍ പങ്കെടുത്തത്. 

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ഈസ, ഫീല്‍ഡ് ഡയറക്ടര്‍ ജോര്‍ജി പി മാത്യു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, റേഞ്ച് ഓഫീസര്‍ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ നടപടികള്‍. വരയാടുകളുടെ സര്‍വ്വെ നടത്തിയവര്‍ പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. അഞ്ചിലധികം പുലികളെ നേരില്‍ കണ്ടതായും ഇവയുടെ ഡാറ്റാകള്‍ ശേഖരിച്ചിട്ടുണ്ടെന്നും റേഞ്ച് ഓഫീസര്‍ സന്ദീപ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios