സിസിടിവി പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല

ഒല്ലൂര്‍: തൃശൂര്‍ ഒല്ലൂരില്‍ 50 പവനും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ തുമ്പ് കിട്ടാതെ പൊലീസ്. മോഷ്ടാക്കളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ തുണയ്ക്കുമെന്ന അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചു. പരിസരത്തെ ആറ് സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും, വീട്ടിൽ ആരും കയറിപ്പോകുന്നത് കണ്ടെത്താനായില്ല.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി വടക്കൂട്ട് ബാലകൃഷ്ണന്‍റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷം രൂപയും 50 പവൻ സ്വര്‍ണവും കവര്‍ച്ച ചെയ്തത്. കുടുംബാംഗങ്ങള്‍ ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്‍റെ സമീപപ്രദേശത്തുളള സ്ഥാപനങ്ങളിലെ ആറ് സിസിടിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്.

എന്നാല്‍, രാവിലെ 8.30നും പത്തിനുമിടയില്‍ ആരും വീടിന്‍റെ പരിസരത്തേക്കോ അകത്തേക്കോ വരുന്നതായി ദൃശ്യങ്ങളിലില്ല. വീടിനു പിറകുവശം വഴി വന്നതാകാമെന്ന സംശയമാണ് ഇപ്പോള്‍ പൊലീസിനുള്ളത്. ക്ഷേത്രത്തിലേക്ക് പോകുന്ന കാര്യം വീട്ടുകാര്‍ ആരോടൊക്കെ പറഞ്ഞിരുന്നുവെന്നും പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.

ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. തൃശൂര്‍ എസിപി വി.കെ. രാജുവിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡും ജില്ലാ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ജയിലില്‍ നിന്ന് ഈയിടെ ഏതെങ്കിലും കള്ളൻമാര്‍ പുറത്തിറങ്ങിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.