വയനാട്: സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് 19ാം വാര്‍ഡിലെ കഴമ്പുങ്കര കുറുമ കോളനി വാസികള്‍ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശുദ്ധീകരിക്കാത്ത കുടിവെള്ളം. ദൈനംദിന ആവശ്യങ്ങള്‍ക്ക് വെള്ളമില്ലാതായതോടെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള പുഴവെള്ളം മാത്രമാണ് ആശ്രയമെന്ന് കോളനിക്കാര്‍ പറയുന്നു. കോളനിയിലെ 80 കുടുംബങ്ങള്‍ക്കായി ഒരു കിണര്‍മാത്രമാണ് ഇവിടെയുള്ളത്.
വേനലെത്തിയതോടെ ഇതിലെ വെള്ളം എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യത്തിന് കിട്ടാറില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കിണര്‍ പൂര്‍ണമായും വറ്റും. ഈ സമയങ്ങളില്‍ പണം നല്‍കി ടാങ്കറുകളില്‍ വെള്ളം കൊണ്ടുവരികയാണ് പതിവ്. ഇത്തവണ ടാങ്കര്‍ വെള്ളവും കിട്ടാതെ വന്നപ്പോഴാണ് പുഴവെള്ളം കുടിക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നതെന്ന് കുടുംബങ്ങള്‍ പറഞ്ഞു. എങ്കിലും വിവാഹം പോലെയുള്ള വിശേഷവേളകളില്‍ കുടിവെള്ളം പണം കൊടുത്ത് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് ഇവിടുത്തുകാര്‍. എന്നാല്‍ പുഴവെള്ളം വേണ്ടത്ര ശുദ്ധമാക്കാതെയാണ് പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. ഇത് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോളനിയുടെ സമഗ്രവികസനത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. കുടിവെള്ളപദ്ധതിക്ക് പുറമെ വീട് നിര്‍മാണം, റോഡ്, ഡ്രൈനേജ് മറ്റു അടിസ്ഥാന സൗകര്യവികസനം എന്നിവക്കായിരുന്നു തുക. എന്നാല്‍ പദ്ധതിതുക പൂര്‍ണമായും വിനിയോഗിച്ചില്ലെന്ന് മാത്രമല്ല, കുടിവെള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും അധികൃതര്‍ ചെയ്തതുമില്ല. അനുവദിച്ച തുകയില്‍ 21,61,000 രൂപ ഇനിയും ചെലവഴിച്ചിട്ടില്ല. ഈ തുക ഉപയോഗിച്ച് കുടിവെള്ള പദ്ധതി ഒരുക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. അതേ സമയം വിനിയോഗിക്കാത്ത തുക തിരിച്ചടക്കാന്‍ ഉത്തരവ് വന്നതിനാല്‍ ഇത് ചെലവഴിക്കാനാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
