ഇന്നും നാളെയും പ്രതീക്ഷകളുടെ ദിനങ്ങളാക്കി നഴ്സുമാർ
തൃശൂർ: നഴ്സുമാർ അടക്കം ഉള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നടപടിയും കേസും ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നാളെ രാവിലെ മിനിമം വേജ് അഡ്വൈസറി ബോർഡ് യോഗവും വൈകീട്ട് ഹൈക്കോടതി മീഡിയേഷനുമാണ്.
ജസ്റ്റിസ് സുരേഷ് കുമാറിന്റെ ബഞ്ചാണ് 309-ാം നമ്പർ ആയി ഇന്ന് കേസ് പരിഗണിക്കുന്നത്. മിനിമം വേജസ് വിജ്ഞാപനം ഇറക്കാൻ ഉള്ള സർക്കാരിന്റെ വിവേചന അധികാരത്തെ കോടതിക്ക് സ്റ്റേ ചെയ്യാൻ കഴിയില്ല എന്ന് സർക്കാർ വക്കീൽ കോടതിയെ ബോധിപ്പിച്ചിരുന്നു. മിനിമം വേജസ് ആക്ട് അനുശാസിക്കുന്ന എല്ലാ നടപടി ക്രമങ്ങളും പാലിച്ചു ആണ് സർക്കാർ നടപടികൾ പുരോഗമിക്കുന്നത് എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം 28 ന് പൂർത്തിയാകുമെന്നും സർക്കാർ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് കേസ് ഇന്ന് വിധി പറയാനായി മാറ്റിയത്.
നിലവിലെ സാഹചര്യത്തിൽ കോടതി സ്റ്റേ ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിനെ അനുവദിക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ അഭിഭാഷകരും ആവർത്തിച്ചിരുന്നു. നഴ്സുമാരുടെ വേതനമുൾപ്പടെയുള്ള തർക്കങ്ങളിൽ ഹൈക്കോടതി മീഡിയേഷൻ തുടരുന്നുണ്ട്. മിനിമം വേതനം പ്രഖ്യാപിക്കുന്നതിൽ വീണ്ടും തടസങ്ങളുണ്ടോ എന്നാണ് ഇന്ന് കോടതിയിൽ വിധിയുണ്ടാവുക.
തടസ ഉത്തരവ് പിൻവലിച്ചാൽ നാളെ രാവിലെ ചേരുന്ന മിനിമം വേജ് അഡ്വൈസറി ബോർഡിന് അന്തിമ ശിപാർശ തയ്യാറാക്കൽ എളുപത്തിൽ പൂർത്തീകരിക്കാം. ബോർഡിലും ആശുപത്രി ഉടമസ്ഥ സംഘങ്ങളുടെ എതിർപ്പ് പ്രകടമാണ്. മാമേജ്മെൻ്റ് പ്രതിനിധികളുടെ വിയോജിപ്പോടെയായിരിക്കും അന്തിമ ശിപാർശ സർക്കാരിന് കൈമാറാനാവുക.
അതേസമയം, ബോർഡിൻ്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാവും നാളെ വൈകീട്ട് തന്നെ ഹൈക്കോടതി നിശ്ചയിച്ച കമ്മിഷന് മുന്നിൽ ഒത്തുതീർപ്പ് യോഗവും നടക്കുക. ശമ്പള പരിഷ്കരണത്തിന് എതിർപ്പ് പ്രകടിപ്പിക്കുന്ന മാനേജ്മെൻ്റ് പ്രതിനിധികൾക്ക് ഹൈക്കോടതി മീഡിയേഷൻ നിർദ്ദേശം പാലിക്കാതിരിക്കാനും കഴിയില്ല.
നിയമപരമായ യുദ്ധത്തിലേക്ക് തന്നെയാവും തുടർന്നും വിഷഷങ്ങളെത്തുക. ഇന്നത്തെയും നാളത്തെയും ഹൈക്കോടതിയുടെയും സർക്കാരിൻ്റെയും നിലപാടുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്തെ നഴ്സുമാരും കുടുംബങ്ങളും.
