വയനാട്: ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ക്ക് ഗുണകരമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നടപ്പിലാക്കിയിരുന്ന പോഷകാഹാര പദ്ധതി താളം തെറ്റുന്നു. സര്‍ക്കാരില്‍ നിന്ന് ഫണ്ട് കിട്ടാതായതോടെയാണ് പാലും ബ്രഡും ബിസ്‌ക്കറ്റും മുട്ടയുമൊക്കെ ദിനംപ്രതി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതി അവതാളത്തിലായത്. 

എന്നാല്‍ യഥാസമയം സര്‍ക്കാരില്‍ നിന്ന് ഫണ്ട് വാങ്ങിയെടുക്കുന്നതിനുള്ള ഇടപെടല്‍ ജില്ല ആരോഗ്യവകുപ്പ് നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. രണ്ടുമാസമായി പാലും ബ്രഡും നല്‍കുന്നത് തീര്‍ത്തും നിര്‍ത്തിയിരിക്കുകയാണ്. കുടിശികയുണ്ടെങ്കിലും മുട്ടയും ബിസ്‌കറ്റും നല്‍കുന്നത് തുടരുന്നുമുണ്ട്. ഏത് സമയവും ഇതും നിലച്ചേക്കാമെന്ന് ചില സന്നദ്ധ സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 

ഫണ്ട് കുടിശ്ശികയായത് തുടക്കത്തില്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇക്കാര്യം ഗൗരവത്തോടെ സര്‍ക്കാരിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. പോഷകാഹാര വിതരണം തടസപ്പെട്ടതോടെ രാഷ്ട്രീയ പാര്‍ട്ടികളടക്കം നിരവധി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

2016 മുതലുള്ള കുടിശ്ശികയിലേക്ക് 70 ലക്ഷം രൂപ ഉടന്‍ അനുവദിക്കണമെന്ന് പലവട്ടം ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫണ്ടില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ മറുപടി. തുടര്‍ന്ന് സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്താനും മറ്റും കഴിയാതെ വന്നതോടെയാണ് പോഷകാഹാര പദ്ധതി പൂര്‍ണമായും നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. 

പാലും, ബ്രഡും നല്‍കി വരുന്നത് യഥാക്രമം മില്‍മയും മോഡേണ്‍ ബ്രഡ് കമ്പനിയുമാണ്. പാല്‍ നല്‍കിയ വകയില്‍ മില്‍മക്ക് 14,70,393 രൂപ നല്‍കാനുണ്ട്. 2017 ജൂണ്‍ മുതലുള്ള തുകയാണിത്. നിരവധി തവണ ജില്ല പഞ്ചായത്തുമായും ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടെങ്കിലും പണം ലഭിക്കാതായതോടെയാണ് ഡിസംബര്‍ മുതല്‍ ഇവര്‍ പാല്‍ വിതരണം നിര്‍ത്തിയത്.

2017 ഒക്ടോബര്‍ മുതലാണ് മോഡോണ്‍ കമ്പനി ബ്രഡ് വിതരണം നിര്‍ത്തിയത്. ഇവര്‍ക്ക് 26,98,000 രൂപയാണ് ലഭിക്കാനുള്ളത്. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കുള്ള മുട്ടയും, ബിസ്‌ക്കറ്റും നല്‍കി വരുന്നത് മാനന്തവാടി കല്‍പ സ്റ്റോറാണ്. ഇവര്‍ക്കാകട്ടെ 13,87,760 രൂപ നല്‍കാനുണ്ട്. എന്നാല്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.