258000 രൂപയും 16ഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്
തിരുവനന്തപുരം: ഉടമ ഷട്ടര് താഴ്ത്തി പള്ളിയില് പോയ തക്കം നോക്കി കല്ലമ്പലത്ത് ഉത്രാടം ജൂവലറിയില് നിന്ന് 258000 രൂപയും 16ഗ്രാം സ്വര്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ മോഷ്ടാവ് അറസ്റ്റില്. കരകുളം വില്ലേജില് ചെക്കക്കോണം സുനീറ മന്സിലില് മുഹമ്മദ് നൂര് മകന് സുനീര്(32) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പ്രതി മോഷണം നടത്തി കടന്ന് കളഞ്ഞത്. തുടര്ന്ന് വിവരം ലഭിച്ച കല്ലമ്പലം പൊലീസ് കടമ്പാട്ട് കോണം മുതല് കടുവാപ്പള്ളി വരെയുള്ള ക്യാമറകള് സസൂക്ഷ്മം നിരീക്ഷിച്ച് കിട്ടിയ ചില സൂചനകളുടെ അടിസ്ഥാനത്തില് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കല്ലമ്പലം പൊലീസ് സബ് ഇന്സ്പെക്ടര് അഭിലാഷ്.പി.യുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില് എ.എസ്.ഐമാരായ സനല്കുമാര്, ലാല് എന്നിവരും സി.പി.ഒമാരായ ഷിജുവും സൂരജും, ഷാഡോ ടീമിലെ സി.പി.ഒ ദിലീപും ഉണ്ടായിരുന്നു.
