ആലപ്പുഴ: കടലിന് മുകളിലൂടെ പറവകളെപ്പോലെ പറക്കാന്‍ കൊതിയുണ്ടോ?. എന്നാല്‍ ആലപ്പുഴയിലേക്ക് പോരൂ. ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഹരമായ പാരാമോട്ടോര്‍ ഗ്ലൈഡിംഗ് ഇനി ആലപ്പുഴക്കാര്‍ക്കും സ്വന്തം. അല്‍പ്പം സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കെല്ലാം ആലപ്പുഴയുടെ ആകാശകാഴ്ചകള്‍ പറന്നുകാണാം.
ഡി.ടി.പി.സിയും മേഘാലയ പാരാഗ്ളൈഡിംഗ് അസോസിയേഷനും സംയുക്തമായാണ് ആലപ്പുഴയില്‍ പാരാഗ്ളൈഡിംഗ് പറക്കല്‍ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ബീച്ചില്‍ രണ്ടാഴ്ചയായി നടക്കുന്ന പരീക്ഷണപറക്കലുകള്‍ വിജയം കണ്ടതോടെ ഡിസംബര്‍ ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കുള്ള പാരാഗ്ളൈഡിംഗ് ആരംഭിച്ചു. 15 മിനിട്ടിന് 3000 രൂപയാണ് കുറഞ്ഞ നിരക്ക്.
ഫീസ് നിരക്കുകള്‍ ഇങ്ങനെ
- 15 മിനിറ്റ് -3000 രൂപ
- അരമണിക്കൂർ - 5000 രൂപ (ഫോട്ടോഗ്രാഫി ഉൾപ്പെടെ)
- ഒരുമണിക്കൂർ - 8000 രൂപ
- സ്പെഷ്യൽ രാത്രിയാത്ര - 10,000 രൂപ (30മിനിറ്റ്)
രാവിലെ ആറു മുതല്‍ പത്തുവരെയാണ് സമയം. നിലവില്‍ കൊമ്മാടി ബൈപ്പാസിലാണ് ലാന്‍ഡിംഡും ടേക്ക് ഓഫും. ക്രമേണ ബീച്ചില്‍ ട്രാക്ക് നിര്‍മ്മിച്ച് അങ്ങോട്ടേക്ക് മാറ്റും. ആലപ്പുഴ ബീച്ച്, കടല്‍, പുന്നമടക്കായല്‍, കുട്ടനാട് എന്നിവിടങ്ങളിലൊക്കെ പറക്കും.ആദ്യഘട്ടത്തില്‍ രാവിലെ മാത്രമാണ് പറക്കല്‍. രണ്ടാം ഘട്ടത്തില്‍ ഉച്ചയ്‌ക്കും രാത്രിയുമൊക്കെ ആകാശകാഴ്ചകള്‍ കാണാം. വിദേശ വിനോദസഞ്ചാരികള്‍ക്ക് താത്പര്യം നിലാവുള്ള രാത്രിയിലെ പറക്കലാണ്. ഈ സ്‌പെഷ്യല്‍ പറക്കലിന് പതിനായിരം രൂപയാണ് ഫീസ്. കാലാവസ്ഥ, കാറ്റ് എന്നിവ അനുകൂലമായ പ്രത്യേകം തിരഞ്ഞെടുത്ത ദിവസങ്ങളിലേ ഈ രാത്രി പറക്കല്‍ നടത്താനാകൂ.
ഇന്നലെ മുതല്‍ ബുക്കിംഗ് തുടങ്ങിയതായും നല്ല പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്നും ഡി.ടി.പി.സി സെക്രട്ടറി എം. മാലിന്‍ പറഞ്ഞു. കാലാവസ്ഥയില്‍ നേരിയ വ്യത്യാസമുണ്ടെങ്കില്‍ പറക്കില്ല. ഇക്കാര്യം പറക്കാന്‍ ബുക്ക് ചെയ്യുന്നവരോട് മുന്‍കൂട്ടി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമയം ഒരാള്‍ക്കേ പറക്കാനാവൂ. ദിവസം പരമാവധി 20 പേര്‍ക്ക് പറക്കാം. മേഘാലയ പാരഗ്ളൈഡിംഗ് അസോസിയേഷന്‍ പ്രസിഡന്റായ നിക്കോളാസാണ് പൈലറ്റ്. ഈരംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഇദ്ദേഹം യാത്രക്കാരന്റെ സുരക്ഷിതത്വം ഉറപ്പാക്കും. രണ്ട് എന്‍ജിന്‍ ഉള്ളതിനാല്‍ ഒരെണ്ണം നിന്നുപോയാലും മറ്റേത് പ്രവര്‍ത്തിപ്പിക്കാം. അവിചാരിതമായി രണ്ട് എന്‍ജിനും തകരാറ് സംഭവിച്ചാലും പേടിക്കാനില്ല. പാരച്യൂട്ട് ഉള്ളതിനാല്‍ സുരക്ഷിതമായി നിലത്തിറങ്ങാം. സുരക്ഷാ ബെല്‍റ്റ് ഉള്ളതിനാല്‍ പറക്കുന്നതിനിടയില്‍ താഴെ വീഴുമെന്ന് പേടിക്കണ്ട. ആകാശകാഴ്ചകള്‍ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും സൗകര്യമുണ്ട്.
