തിരുവനന്തപുരം: വിഴിഞ്ഞത്ത് രഹസ്യ വിവരത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി പൊലീസ് പിടികൂടിയ റേഷന്‍ മണ്ണെണ്ണ സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ പരിശോധനെക്കെത്തിയപ്പോള്‍ 'ആവിയായ'തായി ആക്ഷേപം. പൊലീസിന് രഹസ്യ വിവരം നല്‍കിയവര്‍ തന്നെ സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥരെയും അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ നെയ്യാറ്റിന്‍കര താലൂക്ക് സപ്‌ളൈ ആഫീസര്‍ എത്തിയതോടെയാണ് സംഭവം പുറത്തായത്. റേഷന്‍ മണ്ണെണ്ണ പിടികൂടിയിട്ടില്ല എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടിയെ തുടര്‍ന്ന് സപ്‌ളൈ ആഫീസര്‍ മടങ്ങിപോയി.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ വിഴിഞ്ഞം ബസ് സ്റ്റാന്റിന് സമീപത്തെ പഴയ ചന്തക്കടുത്ത് കരിഞ്ചന്തയില്‍ വില്‍ക്കാനായി റേഷന്‍ വിതരണത്തിനുള്ള മണ്ണെണ്ണയുമായി ഒരു മിനി ലോറി എത്തിയിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ രഹസ്യ വിവരം ലഭിച്ചു. ഉടനെ പൊലീസ് സ്ഥലത്തെത്തിയതോടെ ബന്ധപ്പെട്ടവര്‍ മുങ്ങി. ആളുകളെ ആരെയും പിടികിട്ടാത്ത പൊലീസ് വാഹനവും മണ്ണെണ്ണയും കൈയ്യോടെ പൊക്കി സ്റ്റേഷന്‍ വളപ്പിലെത്തിച്ചുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. 

ഇതോടെ കരിഞ്ചന്ത നടത്തുന്നവരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദമാണ് പൊലീസ് തൊണ്ടിമുതലായ മണ്ണെണ്ണ മാറ്റാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വിഴിഞ്ഞത്ത് അനധികൃത മണ്ണെണ്ണ കച്ചവടം വ്യാപകമാണെന്നും ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇത്തരം കച്ചവടം നടക്കുന്നതെന്നും പരാതി നേരത്തെ തന്നെയുണ്ട് കരിഞ്ചന്തക്കാര്‍ തമ്മിലുള്ള പോരാണ് രഹസ്യ കച്ചവടം പുറത്തറിയാനുള്ള പ്രധാന കാരണം.