വീട്ടമ്മയെ പീഡിപ്പിച്ച് 4.25 ലക്ഷം രൂപ തട്ടിയെടുത്തു സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: വീട്ടമ്മയെ നിരവധി തവണ പീഡിപ്പിച്ച് 4.25 ലക്ഷം രൂപ തട്ടിയെടുത്ത സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കൊല്ലം ശൂരനാട് വടക്ക് പുലിക്കുളം കോട്ടയ്ക്കകത്ത് തെക്കതില്‍ അഭിലാഷ് (30) നെയാണ് നൂറനാട് പൊലീസ് അറസ്റ്റു ചെയ്തത്. കായംകുളം ചേരാവള്ളി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 

അടൂര്‍ കായംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അഭിലാഷ്. യുവതിയുടെ മക്കള്‍ സ്ഥിരമായി ഈ ബസിലെ യാത്രക്കാരായിരുന്നു. അങ്ങനെയാണ് അഭിലാഷുമായി യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് നിരവധി തവണ ചാരുംമൂട്ടിലെ ഒരു ലോഡ്ജില്‍ എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണകളിലായി 4.25 ലക്ഷം രൂപ അഭിലാഷ് കൈവശപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയുടെ ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവ് വീടു പണിയുടെ ആവശ്യത്തിനായി അയച്ചുകൊടുത്ത പണമായിരുന്നു ഇത്. നാട്ടിലെത്തിയ ഭര്‍ത്താവും യുവതിയും കായംകുളം പൊലീസില്‍ പരാതി നല്‍കി. നൂറനാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആയതിനാല്‍ പരാതി നൂറനാട്ടേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് നൂറനാട് പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം താമരക്കുളത്തു നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.