ശിശുസംരക്ഷണസ്ഥാപനങ്ങള്‍ ഉടന്‍ റെജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31നകം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

മാത്രമല്ല രജിസ്ട്രേഷനുള്ള അപേക്ഷ നല്‍കാത്ത സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികളും സ്വികീരിക്കുമെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ 2015ലെ ജുവനല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

രജിസ്‌ട്രേഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഹൈക്കോടതിയും ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രസഹായവും ലഭ്യമാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മനേക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. 

ജെ.ജെ. ആക്ട് പ്രകാരം കുട്ടികളുടെ സംരക്ഷണത്തിനാണ് പ്രാധാന്യം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് മാത്രം മാറിനില്‍ക്കാനോ വിട്ടുവീഴ്ച വരുത്താനോ കഴിയില്ല. ജെ.ജെ. ആക്ട് കേന്ദ്ര നിയമമാണെങ്കിലും അതിലെ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും കൂടി പരിഗണിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. അതിനാല്‍ എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു