ഇടിമിന്നലേറ്റ് വീട് തറയില്‍നിന്ന് ഇളകിയ നിലയിലാണ്

 കാസര്‍കോട് : വേനല്‍ ചൂടിന് ആശ്വാസമായെത്തിയ വേനല്‍മഴ ഒരമ്മയുടെ കണ്ണീര്‍ മഴയായി. ആശിച്ചു കൊതിച്ചു ഒരുവര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ ഓടിട്ട കൊച്ചുവീട് ഇടിമിന്നലില്‍ തകര്‍ന്നപ്പോള്‍ വെസ്റ്റ് എളേരിയിലെ ശോഭനയുടെ വീടെന്ന സ്വപ്‌നവും അസ്തമിച്ചു. മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ശോഭനയുടെ ഓടിട്ട പുതിയ വീട് തകര്‍ന്നു. 

ഒരുവര്‍ഷം മുന്‍പാണ് വെസ്റ്റ് എളേരിവില്ലേജിലെ ചീര്‍ക്കയത്തെ പടിഞ്ഞാറേവീട്ടില്‍ ശോഭന വെള്ളരിക്കുണ്ട് കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് ആറുലക്ഷം രൂപ ഭവന വായ്പയെടുത്തു വീടുവച്ചത്. കൂലിത്തൊഴിലാളിയായ ശോഭനയുടെ പതിനൊന്നു സെന്റ് ഭൂമിയില്‍ വായ്പ്പയെടുത്തും മറ്റും ആശിച്ചു കൊതിച്ചു വച്ച ഓടിട്ട കൊച്ചുവീട് ഇടിമിന്നലേറ്റ് തറയില്‍ നിന്നുതന്നെ ഇളകിയ നിലയിലാണ്.

വീടിന്റെ പുറക് വശത്തെ ഭിത്തിയില്‍ പതിച്ച ഇടിമിന്നല്‍ ഭിത്തിതകര്‍ത്തു വീടിന്റെ ഉള്‍ഭാഗങ്ങളും തകര്‍ത്തു.മൂന്നുമുറികള്‍ മാത്രമുള്ള വീടിന്റെ പ്രവേശന കവാടം ഒഴിച്ച് ബാക്കി മുഴുവന്‍ വിണ്ടുകീറിയ നിലയിലാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വേനല്‍ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടായത്. 

ശോഭന തൊഴിലുറപ്പു ജോലിക്ക് പോയിരുന്നു. ഇടിമിന്നല്‍ സമയം ഇവരുടെമകന്‍ അര്‍ജുന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞുവന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അര്‍ജുന് ഇടിമിന്നലില്‍ ഷോക്കേറ്റിരുന്നു.