കണ്ടല്ലൂര്‍ സ്വദേശിക്കാണ് ചൊവ്വാഴ്ചത്തെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്
ഹരിപ്പാട്: സംസ്ഥാന സര്ക്കാരിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം കെട്ടിട നിര്മാണ തൊഴിലാളിക്ക്. കണ്ടല്ലൂര് തെക്ക് വൃന്ദാവനം വീട്ടില് വി ഷാജിക്കാണ് ചൊവ്വാഴ്ചത്തെ നറുക്കെടുപ്പില് സമ്മാനം ലഭിച്ചത്.
കെട്ടിട നിര്മാണ തൊഴിലാളിയായ ഷാജി ദിവസവും ലോട്ടറി എടുക്കാറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ടും ഇദ്ദേഹം ലോട്ടറി വാങ്ങി. ഇളയ സഹോദരന് തമ്പി പുല്ലുകുളങ്ങര ചന്തക്കു സമീപം നടത്തിവരുന്ന ശ്രീദുര്ഗ്ഗാ ലക്കിസെന്ററില് നിന്നാണ് എസ് ഡി 626495 എന്ന നമ്പറിലുളള ലോട്ടറി ടിക്കറ്റെടുത്തത്. ഇതേ നമ്പരിലെ മറ്റ് സീരിസിലെ ടിക്കറ്റെടുത്ത സമീപ സ്ഥലങ്ങളിലുളള 10 പേര്ക്കും സമാശ്വാസ സമ്മാനമായി 25,000 രൂപ ലഭിച്ചിട്ടുണ്ട്.
പണി തീരാത്ത വീടിനുവേണ്ടി എടുത്ത ബാങ്ക് ലോണ് കുടിശിക വരുത്തിയതിനാല് കുടുംബം ജപ്തി ഭീഷണി നേരിടുകയുമായിരുന്നു. താങ്ങാനാവാത്ത കടവും കുട്ടികളുടെ വിദ്യാഭ്യാസം ഉള്പ്പെടെയുളള പ്രാരാബ്ദങ്ങള് കാരണം നെഞ്ച് നീറി കഴിയുമ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം തേടിയെത്തിയതെന്നാണ് ഷാജി പറയുന്നത്. ടിക്കറ്റ് പുല്ലുകുളങ്ങര സര്വീസ് സഹകരണ ബാങ്കില് ഏല്പിക്കാനാണ് തീരുമാനം. ഭാര്യ രേഖ വീട്ടമ്മയാണ്. മകന് ശംഭു എന്ജിനീയറിങിന് പഠിക്കുന്നു. മകള് ശില്പ പത്താം ക്ലാസ്സ് വിദ്യാര്ഥിയാണ്.
