കോഴിക്കോട്: തബലയില്‍ സ്വന്തമായി ഒരു നാദ ശൈലി അതുണ്ടാക്കി മുന്നേറുകയാണ് കോഴിക്കോട് മുതലക്കുളത്തെ മാക്കോലത്ത് ലൈനില്‍ കലൈവാണി എന്ന കുടിലില്‍ താമസിക്കുന്ന അറുപതുകാരന്‍ സുകുമാരന്‍. പന്ത്രണ്ടാം വയസിലാണ് പാലക്കാട് പൊക്കുനിയില്‍ നിന്ന് സുകുമാരനും കുടുംബവും കോഴിക്കോട് മിഠായിത്തെരുവിലെത്തുന്നത്.
ആറാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി ചെറുപ്രായത്തില്‍ തന്നെ തബല നിര്‍മാണം കുലതൊഴിലായി സുകുമാരന്‍ സ്വീകരിച്ചു. പിന്നീട് ലോകം സുകുമാരനെ അറിയുന്നത് തബലകളുടെ പെരുന്തച്ചനായിട്ടാണ്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തബലിസ്റ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത് സുകുമാരന്‍ നിര്‍മിച്ച താള വൈവിധ്യം നിറഞ്ഞ തബലകളാണ്. നിരവധി പ്രശസ്തര്‍ സുകുമാരന്റെ തബല ഇപ്പോഴും ഉപയോഗിച്ചു വരുന്നു. കോഴിക്കോടിന്റെ തബല ഉസ്താദുമാരായി അറിയപ്പെടുന്ന ബിജു കോവൂര്‍, രമേശന്‍, പ്രദീപന്‍, വിനോദ്, ജയബാലന്‍ തുടങ്ങിയവര്‍ സുകുമാരന്‍ നിര്‍മിച്ച തബലകളിലാണ് നാദവിസ്മയം തീര്‍ക്കുന്നത്.
റിങ് മുട്ട് ഗംഭീരം
തബല നിര്‍മാണത്തില്‍ സുകുമാരന്‍ സ്വന്തമായി ഉണ്ടാക്കിയതാണ് 'റിങ് മുട്ട് ' എന്ന തബലയുടെ നാദം. റിങ് മൂട്ടില്‍ നിന്നു വരുന്നത് ശുദ്ധ താളെമന്നാണ് എല്ലാം തബലിസ്റ്റുകളും ആണയിട്ട് പറയുന്നത്. തൊട്ടടുത്ത ജില്ലയായ കണ്ണൂരില്‍ നിരവധി തബല നിര്‍മിക്കുന്നവര്‍ ഉണ്ടെങ്കിലും ആവശ്യക്കാര്‍ സുകുമാരനെയാണ് തേടിയെത്തുന്നത് റിങ്മുട്ടിന്റെ ഗരിമയിലാണ്. അത്രയും വേറിട്ടതാണ് സുകുമാരന്റെ തബല നിര്‍മാണം.
സാധാരണ തബലകള്‍ നിര്‍മിക്കാന്‍ ആടുകളുടെയും മാടിന്റെയും തോല്‍ ആവശ്യമായി വരുമ്പോള്‍ റിങ് മൂട്ട് തബലകള്‍ക്ക് ആടിന്റെ തോല്‍ മാത്രം മതി. റിങ്ങില്‍ തോല്‍ ഉറപ്പിച്ച് കുറ്റിക്ക് മുകളിലായി ഉറപ്പിച്ചാണ് റിങ് മുട്ട് തബലകള്‍ ഉണ്ടാക്കുന്നത്. പുരാണ കീടവും പച്ചരിച്ചോറും ചേര്‍ത്തരച്ച് അട്ടികളായി തോലില്‍ ഘടിപ്പിക്കുന്നു. മിനുസപ്പെടുത്താനായി കൃഷ്ണ ശിലകൊണ്ടുണ്ടാക്കിയ കല്ലാണ് ഉപയോഗിക്കുന്നത്. മഷിയില തോലിനെ മുട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. മുട്ട് കുറ്റിയോട് ചേരുന്ന ഭാഗത്തു നേരിയ വാറു ഉപയോഗിച്ച് മെടയുന്നു.
മുദ്രയ്ക്കും ശ്രുതിക്കും വേണ്ടിയുള്ള വൈവിധ്യത്തിനായി എട്ടു മരക്കട്ടകള്‍ വാറിനടിയില്‍ തിരുകിവയ്ക്കും. വാറുണ്ടാക്കുന്നത് എരുമയുടെ തോല് ഉപയോഗിച്ചാണ്. പ്ലാവിന്റെ തടിയാണ് ഉത്തമമെങ്കിലും മഹാഗണിയും വാകയുമൊക്കെയാണ് ഉപയോഗിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഹാര്‍മോണിയത്തിന്റെ ശ്രുതിയ്‌ക്കൊത്ത് തബലയുടെ ശ്രുതിയും ശാസ്ത്രീയമായി ക്രമീകരിക്കുന്നത് വരെയുള്ള ഓരോ ഘട്ടവും ശ്രദ്ധ ആവശ്യപ്പെട്ടതാണ്. ആട്ടിന്‍ തോലു ഉപയോഗിച്ച് മാത്രം റിങ് മുട്ട് ഉണ്ടാക്കുന്ന രീതി പിന്തുടരുന്നത് സുകുമാരന്‍ മാത്രമാണ്. മറ്റ് നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത് എരുമത്തോലാണ്. നിര്‍മാണത്തിലെ വൈദഗ്ധ്യം കാരണം സുകുമാരന്റെ തബല താളത്തിനെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല. സഹായിയായി സുകുമാരന്റെ ഭാര്യ ചന്ദ്രികയും സജീവമായി രംഗത്തുണ്ട്.
കുടിലിലെ നാദധാര
കേരളത്തിന് പുറത്തും വിദേശങ്ങളിലേക്കുമാണ് സുകുമാരന്റെ തബലകള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. തബല നിര്‍മാണത്തിലൂടെ നിരവധി പേര്‍ പണം സമ്പാദിച്ചെങ്കിലും സുകുമാരന് കൂട്ട് പ്രശസ്തി മാത്രമാണ്. വര്‍ഷങ്ങളായി മാക്കോലത്ത് കുടിലില്‍ വാടകയ്ക്കാണ് സുകുമാരനും കുടുംബവും ജീവിക്കുന്നത്. ഒരുനേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. റേഷന്‍ കാര്‍ഡിനായി വില്ലേജ് ഓഫിസ് കയറി ഇറങ്ങുകയാണ് സുകുമാരന്റെ ഭാര്യ ചന്ദ്രിക.
മൂന്ന് പ്രാവശ്യം സുകുമാരന് ഹൃദയാഘാതം ഉണ്ടായി. സ്വന്തമായി വീടുണ്ടാക്കണമെന്നാണ് സുകുമാരന്റെ ആഗ്രഹം. ശാരീരിക വിഷമതകള്‍ കാരണം മൃദംഗ നിര്‍മാണം ഇപ്പോള്‍ ഒഴിവാക്കി. കായിക അധ്വാനം കൂടിയതാണ് മൃദംഗ നിര്‍മാണം ഒഴിവാക്കാന്‍ കാരണം. ആകാശവാണിയ്ക്ക് വേണ്ടി മൈസൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. തന്റെ ശൈലിയിലുള്ള നാദം ലോകമെമ്പാടും ഒഴുകി നടക്കുമ്പോഴും സുകുമാരന്റെ ജീവിതം ഇപ്പോഴും അലച്ചിലിലാണ്.
