കെട്ടിട നിര്‍മാണം അനധികൃതമാണെന്ന പരിസരവാസികളുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം അളന്നത്. 

വയനാട്: അമ്പലവയലില്‍ ചുള്ളിയോട് റോഡില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പണിതിരിക്കുന്നത് റോഡ് കൈയ്യേറിയെന്ന് കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലാന്‍ഡ് അഥോറിറ്റി കഴിഞ്ഞ ദിവസം സ്ഥലം ആളന്നപ്പോഴാണ് കൈയ്യേറ്റം വ്യക്തമായത്. അരമീറ്ററോളം റോഡ് കൈയ്യേറിയതായി പരിശോധനയില്‍ കണ്ടെത്തി. കെട്ടിട നിര്‍മാണം അനധികൃതമാണെന്ന പരിസരവാസികളുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം അളന്നത്. 

കെട്ടിടനിര്‍മാണത്തെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ജനങ്ങള്‍ രംഗത്തെത്തിയത്. നിര്‍മാണത്തിനിടെ സമീപത്തെ ഓവുചാലുകള്‍ മൂടിയതാണ് വെള്ളക്കെട്ടിന് കാരണമായത്. കഴിഞ്ഞ വേനല്‍മഴ മുതല്‍ ഇതുവരെയും കെട്ടിടത്തിന് മുന്നില്‍ മുട്ടോളം വെള്ളം കെട്ടിക്കിടക്കുകയാണ്. യാത്ര തടസപ്പെട്ടതോടെ ജനം സംഘടിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇടപ്പെട്ട് വെള്ളം സ്വകാര്യവ്യക്തിയുടെ തോട്ടത്തിലേക്ക് തുറന്നുവിട്ടു. ബത്തേരി താലൂക്ക് സര്‍വ്വേയര്‍മാരായ ടി.കെ. യോഹന്നാന്‍, സജീഷ് പി. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലം അളന്നുള്ള പരിശോധന.