ഉത്തരകടലാസ് സർവ്വകലാശാലയ്ക്ക് കൊടുക്കാന്‍  കോളേജും, എടുക്കാന്‍ സർവ്വകലാശാലയും മറന്നു. പരീക്ഷാ ഫലം വന്നപ്പോള്‍ ഉത്തരകടലാസ് കിട്ടിയിട്ടില്ലെന്ന പേരില്‍ മുഴുവന്‍ വിദ്യാർത്ഥികളെയും കാലിക്കറ്റ് സർവകലാശാല തോല്‍പ്പിച്ചു. 

പാലക്കാട്: കോട്ടത്തറ ഗവ.കോളേജില്‍ പതിവുപോലെ ഡിഗ്രി പരീക്ഷ നടത്തി. എന്നാല്‍ ഉത്തരകടലാസ് സർവ്വകലാശാലയ്ക്ക് കൊടുക്കാന്‍ കോളേജും, എടുക്കാന്‍ സർവ്വകലാശാലയും മറന്നു. പരീക്ഷാ ഫലം വന്നപ്പോള്‍ ഉത്തരകടലാസ് കിട്ടിയിട്ടില്ലെന്ന പേരില്‍ മുഴുവന്‍ വിദ്യാർത്ഥികളെയും കാലിക്കറ്റ് സർവകലാശാല തോല്‍പ്പിച്ചു. 

കോട്ടത്തറ ഗവ. കോളജിൽ ഹിസ്റ്ററി, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലെ ബിരുദ വിദ്യാർഥികള്‍ ഗ്രാമർ, കറസ്പോൻഡൻസ് ആൻഡ്‌ ട്രാൻസ്ലേഷൻ എന്ന വിഷയത്തിലാണ് (മലയാളം, ഹിന്ദി, തമിഴ്) തോറ്റത്. രണ്ടാം സെമസ്റ്റർ പരീക്ഷയിലാണ് സംഭവം. ഉത്തരക്കടലാസുകൾ ലഭിക്കാത്തതിനാൽ ഇവർ പരീക്ഷയെഴുതിയിട്ടില്ലെന്ന നിലപാടിലാണ് സർവകലാശാല. 

2017 ഒക്ടോബർ മൂന്നിന് കാലിക്കറ്റ് സർവകലാശാല നടത്തിയ പരീക്ഷയുടെ നൂറ്റിയിരുപതോളം ഉത്തരക്കടലാസുകൾ ഇപ്പോഴും കോളേജിൽത്തന്നെ കെട്ടികിടക്കുകയാണ്. കഴിഞ്ഞ ഒമ്പതുമാസമായി ഉത്തരകടലാസ് കെട്ടികിടന്നിട്ടും കോളേജില്‍ ആരും അന്വേഷിച്ചില്ല. നടത്തിയ പരീക്ഷയുടെ ഉത്തരകടലാസ് കിട്ടാത്തതിനെ കുറിച്ച് സർവ്വകലാശാലയും അന്വേഷിച്ചില്ല. 

സാധാരണയായി സർവ്വകലാശാല നടത്തുന്ന പരീക്ഷയുടെ ഉത്തരകടലാസുകള്‍ സര്‍വ്വകലാശാല തന്നെ നേരിട്ട് വന്ന് കൊണ്ടുപോവുകയാണ് പതിവെന്ന് കോളേജ് അധിക‍ൃതര്‍ പറഞ്ഞു. കഴിഞ്ഞ തവണയും അങ്ങനെ തന്നെയായിരുന്നു. ഈ പരീക്ഷകള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് പരീക്ഷകളുടെ ഉത്തരകടലാസുകള്‍ സര്‍വ്വകലാശാല കൈപ്പറ്റിയതാണ്. ഉത്തരകടലാസുകള്‍ സർവ്വകലാശാല മോണിറ്ററിംഗ് ടീമിനെ ഏല്‍പ്പിക്കുന്നതില്‍ കോളേജ് അധികൃതർക്കും വീഴ്ച്ച പറ്റി. നടത്തിയ പരീക്ഷയുടെ ഉത്തരകടലാസുകള്‍ എല്ലാം എടുക്കുന്നതില്‍ മോണിറ്ററിംഗ് ടീമിനും തെറ്റ് പറ്റി. 

ഒടുവില്‍ മൂല്യ നിർണ്ണയ സമയത്ത് സർവകലാശാലയില്‍ ഉത്തരകടലാസ് എത്താത്തതിനാല്‍ എല്ലാവരെയും ഒറ്റയടിക്ക് സർവകലാശാല തോല്‍പ്പിച്ചു. ബുധനാഴ്ച പരീക്ഷാഫലം വന്നപ്പോഴാണ് കോളേജ് അധികൃതരും വിദ്യാർത്ഥികളും കാര്യമറിയുന്നത്. എന്നാൽ, തങ്ങളെല്ലാവരും പരീക്ഷയെഴുതിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. പഠിച്ച് പരീക്ഷയെഴുതിയിട്ടും തങ്ങളുടേതല്ലാത്ത കുറ്റത്തിന് വീണ്ടും പരീക്ഷയെഴുതേണ്ടിവരുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. 

പരീക്ഷാച്ചുമതലയുണ്ടായിരുന്ന അധ്യാപികയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ ഉത്തരക്കടലാസ് കൈപ്പറ്റണമെന്ന് സർവ്വകലാശാലയ്ക്ക് അപേക്ഷ നൽകിയതായും കോളേജ് അധികൃതർ പറഞ്ഞു. സർവകലാശായുടെയും കോളേജിന്‍റെയും പിടിപ്പുകേടില്‍ തങ്ങളുടെ ഒരു അദ്ധ്യയന വർഷം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികള്‍.