ചെലവൂർ സ്വദേശിനി കട്ടക്കയം വീട്ടിൽ സലിനെയാണ്​ (48) കോഴിക്കോട് ടൗൺ പൊലീസ്​ അറസ്​റ്റ് ചെയ്​തത്​.

കോഴിക്കോട്​: പലിശ വാഗ്​ദാനം നൽകി​ ലക്ഷങ്ങൾ തട്ടിയ കേസിൽ സ്​ത്രീ അറസ്റ്റിൽ. ചെലവൂർ സ്വദേശിനി കട്ടക്കയം വീട്ടിൽ സലിനെയാണ്​ (48) കോഴിക്കോട് ടൗൺ പൊലീസ്​ അറസ്​റ്റ് ചെയ്​തത്​. മുൻപ് എൽഐസി ഏജൻറായി പ്രവർത്തിച്ച ഇവർ കോഴിക്കോട് ചെറൂട്ടിറോഡിലെ സെന്‍റ്​ വിൻസെൻറ്​ ഹോമിൽ താമസിക്കുന്ന 20-ഓളം അന്തേവാസികളിൽ നിന്നായി​ കഴിഞ്ഞ മാർച്ചിൽ 12.50 ലക്ഷം രൂപ വാങ്ങുകയായിരുന്നു. 

50,000 രൂപക്ക്​ പ്രതിമാസം 5,000 രൂപ തോതിൽ പലിശ നൽകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയിരുന്നത്. പണം കൈമാറിയിട്ടും രേഖയോ മറ്റോ നൽകാതായതോടെ പണം നൽകിയവർ പൊലീസിൽ പരാതി നൽകി. പൊലീസ്​ കേസെടുത്തതോടെ ഇവർ 6.50 ലക്ഷം രൂപ ബന്ധപ്പെട്ടവർക്ക്​ തിരിച്ചു നൽകി. ആറ്​ ലക്ഷം രൂപ കൂടി തിരിച്ച് കിട്ടാനുള്ളത്​. കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയ സലിനെ റിമാന്‍റ് ചെയ്തു. എസ്​ഐ ബാബുവിന്‍റെ നേതൃത്വത്തിലാണ്​ കേസ്​ അന്വേഷണം.