പൊലീസെത്തി പരിശോധനകള്‍ നടത്തി ഉടമകള്‍ വിദേശത്ത്
കോഴിക്കോട് : താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഫര്ണീച്ചറുകളും രേഖകളും വസ്ത്രങ്ങളും അഗ്നിക്കിരയാക്കി. പന്തീരാങ്കാവ് - പെരുമണ്ണ റോഡില് ജ്യോതി ബസ് സ്റ്റോപ്പിന് സമീപം എടക്കോത്ത് ശശിധരന്റെ വീട്ടിലാണ് മോഷ്ടാക്കള് കയറി നഷ്ടമുണ്ടാക്കിയത്. ശശിധരനും കുടുംബവും വിദേശത്താണ്. ആള് താമസമില്ലാത്ത വീട്ടില് നിന്നും പുക ഉയരുന്നത് സമീപവാസികളാണ് ആദ്യം കണ്ടത്.
തുടര്ന്ന് വീട് സൂക്ഷിപ്പുകാരെത്തിയപ്പോള് പ്രധാന വാതില് പൊളിഞ്ഞുകിക്കുന്നത് ശ്രദ്ധയില്പ്പെട്ടു. നല്ലളം എസ്ഐ സനീഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പരിശോധന നടത്തിയപ്പോള് അകത്ത് വസ്ത്രങ്ങളും രേഖകളും വാരിവലിച്ചിട്ട് തീ കൊടുത്തതായി കണ്ടെത്തുകയായിരുന്നു. താഴത്തെ നിലയിലെ കിടപ്പ് മുറിയിലാണ് തീയിട്ടത്.
ഈ മുറിയിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും നശിച്ചിട്ടുണ്ട്. മുകള് നിലയിലും മറ്റ് മുറികളിലും അലമാരകളില് നിന്ന് സാധനങ്ങള് വാരിവലിച്ചിട്ട നിലയിലാണ്. മോഷ്ടാക്കള്ക്ക് വില കൂടിയതൊന്നും ലഭിക്കാത്തതിന്റെ ദേഷ്യം തീര്ത്തതാണെന്നാണ് പൊലീസ് കരുതുന്നത്. വീടിന്റെ ഉടമസ്ഥന് ഇന്ന് സ്ഥലത്തെത്തും.
