ഡോക്കില്‍ കുടുങ്ങിക്കിടന്ന രണ്ട് ജീവനക്കാരെ ഹെലികോപ്റ്ററുപയോഗിച്ച് രക്ഷപെടുത്തി.
അമ്പലപ്പുഴ: ഡോക്കില് കുടുങ്ങിക്കിടന്ന രണ്ട് ജീവനക്കാരെ ഹെലികോപ്റ്ററുപയോഗിച്ച് രക്ഷപെടുത്തി. ഇന്ന് രാവിലെ എട്ടോടെയാണ് കൊച്ചിയില് നിന്നെത്തിയ നാവിക സേനയുടെ ഹെലിക്കോപ്റ്ററില് ഇന്തോനേഷ്യന് സ്വദേശികളായ രണ്ട് ജീവനക്കാരെ രക്ഷപെടുത്തിയത്. ഈ ജീവനക്കാരെ പിന്നീട് എമിഗ്രേഷന് പരിശോധനക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെയാണ് നീര്ക്കുന്നം കടപ്പുറത്ത് കൂറ്റന് ഡോക്ക് അടിഞ്ഞത്. മലേഷ്യയില് നിന്ന് നിര്മാണം പൂര്ത്തിയാക്കി അബുദാബിയിലേക്ക് പോയ ഡോക്കാണ് നിയന്ത്രണം തെറ്റി ഇവിടെയെത്തിയത്. ഡോക്കിനെ ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയതാണ് ഈ അപകടത്തിനു കാരണമായത്. തുടര്ന്ന് പുറംകടലില് ഒഴുകി നടന്ന ഡോക്ക് മണിക്കൂറുകള്ക്കു ശേഷം നീര്ക്കുന്നം തീരത്ത് എത്തുകയായിരുന്നു. ഡോക്കിനെ ബന്ധിപ്പിച്ചിരുന്ന കപ്പല് ഏഴു ജീവനക്കാരുമായി പുറം കടലിലാണ്. ചരക്കു കപ്പല് വിഭാഗത്തില് ഉള്പ്പെടുന്ന ഇതിന് 1246 ടണ് ഭാരം വഹിക്കാന് ശേഷിയുണ്ട്. ഈ മാസം 21 ന് അബുദാബിയിലെത്തേണ്ട ഡോക്കാണ് അപകടത്തില്പ്പെട്ട് നീര്ക്കുന്നം തീരത്ത് എത്തിയത്.
കടല് ഭിത്തിയോട് ചേര്ന്നു കിടക്കുന്ന ഡോക്ക് ഇവിടെ നിന്ന് കൊണ്ടു പോകാനുളള ശ്രമം കപ്പല് കമ്പനി അധികൃതര് ആരംഭിച്ചു. എന്നാല് ശക്തമായ കടലാക്രമണം ഇതിന് തടസ്സമായിട്ടുണ്ട്. കൊല്ലത്ത് നിന്നോ കൊച്ചിയില് നിന്നോ കപ്പലെത്തിച്ച് ഡോക്ക് നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നത്. ഇന്നോ നാളെയോ ഇത് എത്തിക്കാന് കഴിയുമെന്നാണ് കരുതുന്നത്. കരക്കടിഞ്ഞ ഡോക്ക് കാണാനായി അന്യജില്ലയില് നിന്നുപോലും ഇന്നലെയും ആയിരക്കണക്കിന് പേരാണ് എത്തിയത്. അമ്പലപ്പുഴ പോലീസും തോട്ടപ്പള്ളി തീരദേശ പോലീസും സ്ഥലത്ത് കാവലുണ്ട്. ഇന്നലെ രാവിലെ കൊച്ചിയില് നിന്ന് ഷിപ്പിംഗ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
